ഇന്ന് മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കോര്‍പ്പറേറ്റുകളുടെ നിര്‍ദേശ പ്രകാരവും ഭരണകൂടങ്ങളുടെ സമ്മര്‍ദ്ദത്തിലും; കൊയിലാണ്ടിയിലെ മാധ്യമ സെമിനാറില്‍ ജോണ്‍ ബ്രിട്ടാസ്


കൊയിലാണ്ടി: ജനാധിപത്യത്തിന്റെ നാലാമത്തെ തൂണായ മാധ്യമങ്ങള്‍ ഇന്ന് കോര്‍പ്പറേറ്റുകളുടെ നിര്‍ദ്ദേശപ്രകാരവും, ഭരണകൂടങ്ങളുടെ സമ്മര്‍ദത്തിലുമാണ് പ്രവര്‍ത്തിക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകനും എം.പിയുമായ ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊയിലാണ്ടി സൂരജ് ഓഡിറ്റോറിയത്തില്‍ നടന്ന മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം ഇടപെടലുകള്‍ മാധ്യമധര്‍മ്മത്തെ ഇല്ലാതാക്കി, ജനങ്ങളുടെ അവകാശങ്ങള്‍ നശിപ്പിക്കുകയാണ്. ഇന്ത്യയില്‍, NDTV പോലുള്ള സ്വതന്ത്ര മാധ്യമസ്ഥാപനങ്ങള്‍ വരെ ഭീഷണിപ്പെടുത്തി കോര്‍പ്പറേറ്റുകളുടെ കീഴിലാക്കി മാറ്റിയതാണ് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഇടതുപക്ഷം കോര്‍പ്പറേറ്റുകളും മുതലാളിത്തശ്രേണിയും ഭയപ്പെടുന്ന വലിയ പ്രതിരോധശക്തിയാണ്. അതിനാല്‍ അതിനെ നിശബ്ദമാക്കാന്‍ വലതുപക്ഷങ്ങള്‍ വിവിധ മാര്‍ഗങ്ങളില്‍ ശ്രമിക്കുകയാണ്. വാര്‍ത്താവിനിമയത്തിനും സമൂഹത്തിനുമുള്ള സത്യസന്ധമായ സേവനം ഒരു മാധ്യമത്തിന്റെ അടിസ്ഥാനമായിരിക്കുമ്പോള്‍, അതിനെ കോര്‍പ്പറേറ്റുകളുടെ ലാഭദാഹത്തിനും രാഷ്ട്രീയചതികളികള്‍ക്കുമായി മാറ്റുന്ന പ്രവണത ചെറുത്ത് തോല്പിക്കേണ്ടതാണ്. മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ ശക്തമായ പ്രതിരോധകേന്ദ്രങ്ങളായി നിലകൊള്ളണം. മറ്റുള്ളവരുടെ ഏജന്‍സികളായി മാറാതെ. ജനാധിപത്യത്തിന്റെ നിലവാരവും രാജ്യത്തിന്റെ ഭാവിക്കുമാണ് പ്രാധാന്യം കൊടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ദേശാഭിമാനി ബ്യൂറോ ചീഫ് പി.വി.ജിജോ, കെ.കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗം സി.സതീശന്‍ എന്നിവര്‍ മുഖ്യഭാഷണങ്ങള്‍ നടത്തി. ആയിരത്തിലധികം പേര്‍ പങ്കെടുത്ത സെമിനാറില്‍ സ്വാഗതസംഘം വൈസ് ചെയര്‍മാന്‍ കെ.കെ.മുഹമ്മദ് അധ്യക്ഷത വഹിച്ചു.

കെ.എസ്.ടി.എ സംസ്ഥാന സമിതി അംഗം സജീഷ് നാരായണന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ മാധ്യമ സെമിനാര്‍ കണ്‍വീനര്‍ ഡി.കെ.ബിജു നന്ദി പറഞ്ഞു. കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.സി മഹേഷ്, നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്, മുന്‍ എം എല്‍ എ പി.വിശ്വന്‍, കെ.എസ്.ടി.എ സംസ്ഥാന എക്‌സിക്യുട്ടീവ് സ്മിജ ടീച്ചര്‍, കെ.എസ്.ടി.എ ജില്ല എക്‌സികൂട്ടിവ്, ഷാജിമ ടീച്ചര്‍, കെ.എസ്.ടി.എ ജില്ല സെക്രട്ടറി ആര്‍ എം രാജന്‍, കെ.എസ്.ടി.എ ജില്ല പ്രസിഡണ്ട് സന്തോഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു.