സി.പി.എമ്മിലെ കറുത്ത വറ്റുകളെ വെളുപ്പിക്കാനുള്ള ദൗത്യം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ജെബി മേത്തർ എം.പി കൊയിലാണ്ടിയിൽ


കൊയിലാണ്ടി: സി.പി.എമ്മിലെ കറുത്ത വറ്റുകളെ വെളുപ്പിക്കാനുള്ള ദൗത്യം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി. മഹിള കോൺഗ്രസ് ഉൽസാഹ് കൊയിലാണ്ടി ബ്ലോക്ക് കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജെബി മേത്തർ.

കരിവന്നൂർ ബാങ്ക് തട്ടിപ്പിൽ പണം നഷ്ടപ്പെട്ട ഒരാളെപ്പോലും കാണാത്ത മുഖ്യമന്ത്രി ഇ.ഡി. പല തവണ ചോദ്യം ചെയ്ത എം.കെ.കണ്ണനെ കണ്ടത് ദുരുദ്ദേശപരമാണ്. എൽ.ഡി.എഫ് സർക്കാർ വേട്ടക്കാർക്കൊപ്പമാണെന്ന് ഇത് വ്യക്തമാക്കുന്നുവെന്നും എം.പി പറഞ്ഞു.

ഇ.പി.ജയരാജന്റെ വൈദേഹം റിസോർട്ടിലെ തട്ടിപ്പ് അന്വേഷിക്കാൻ വന്ന ഇ.ഡി പോയ വഴി പുല്ല്മുളച്ചിട്ടില്ല. കരിവന്നൂരിൽ രാഷ്ട്രീയ സെറ്റിൽമെന്റാണ് സി.പി.എമ്മും ബി.ജെ.പി.യും ലക്ഷ്യമിടുന്നതെങ്കിൽ അത് നടപ്പില്ലെന്നും ജെബി മേത്തർ പറഞ്ഞു. ആരോഗ്യ മന്ത്രിയുടെ പി.എ കൈക്കൂലി വാങ്ങിയതായി പരസ്യമായി പറഞ്ഞിട്ടും മന്ത്രി പി.എയെ ഒഴിവാക്കാത്തത് എന്തുകൊണ്ടാണ്? മന്ത്രിക്കും പലതും ഒളിക്കാനുണ്ടെന്നും അവർ ആരോപിച്ചു.

കൺവൻഷനിൽ വി.കെ.ശോഭന അധ്യക്ഷത വഹിച്ചു. വിദ്യാ ബാലകൃഷ്ണൻ, ഗൗരി പുതിയേടത്ത്, പി.രത്നവല്ലി, മുരളി തോറോത്ത്, അഡ്വ. കെ.വിജയൻ, വി.പി.ഭാസ്കരൻ, രാജേഷ് കീഴരിയൂർ, വി.ടി.സുരേന്ദ്രൻ, അരുൺ മണമൽ, രജീഷ് വെങ്ങളത്ത് കണ്ടി, കെ.എം.സുമതി, തങ്കമണി ചൈത്രം, ശ്രീജാ റാണി, പി.പി.നാണി, പ്രേമാകുമാരി എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ 26 ബ്ലോക്കുകളിലെ കൺവൻഷനുകൾ ഇതുവരെ പൂർത്തിയായിട്ടുണ്ട്.