‘സുരേഷ് ഗോപി വഴിയൊരുക്കി, ഗുരുവായൂര്‍ അമ്പല നടയില്‍വെച്ച് കണ്ണന്റെ ചിത്രം പ്രധാനമന്ത്രിയ്ക്ക് സമ്മാനിച്ചു” കുറുവങ്ങാട് സ്വദേശിനി ജസ്‌ന സലീമിനിത് സ്വപ്‌ന സാഫല്യം


കൊയിലാണ്ടി: ജീവിതത്തിലെ ഏറ്റവും സുന്ദരമായ ദിവസമെന്ന് ജസ്‌ന, താന്‍ വരച്ച കണ്ണനെ പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു, കണ്ണനെ വരച്ച് പ്രസിദ്ധയായ കൊയിലാണ്ടി കുറുവങ്ങാട് സ്വദേശിനി ജസ്‌ന സലിം വരച്ച കണ്ണന്റ ചിത്രം ഗുരുവായൂര്‍ നടയില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ജസ്‌ന സലീം സമ്മാനിച്ചു. ഇന്നലെ രാവിലെ പ്രധാനമന്ത്രി ക്ഷേത്ര ദര്‍ശനം കഴിഞ്ഞിറങ്ങിയപ്പോഴാണ് ഉണ്ണി കണ്ണനെ സമ്മാനിച്ചത്. കൂടെ ഗുരുവായൂര്‍ തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിയും ഉണ്ടായിരുന്നു ജസ്‌നയുടെ ഏറെ നാളത്തെ ആഗ്രഹമാണ് സഫലമായത്.

സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹത്തിന് എത്തിയപ്പോഴാണ് ചിത്രം കൈമാറിയത്. സുരേഷ് ഗോപിയാണ് ഇതിന് വഴിയൊരുക്കി തന്നതെന്നാണ് ജസ്‌ന കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്. വരയ്ക്കാന്‍ തുടങ്ങിയ കാലത്ത് സുരേഷ് ഗോപിക്ക് കണ്ണന്റെ ചിത്രം വരച്ചത് കൈമാറിയിരുന്നു. ഏതാണ്ട് ഒമ്പതുവര്‍ഷം മുമ്പാണ് സംഭവം. അന്നുമുതല്‍ സുരേഷ് ഗോപിയുമായി സൗഹൃദമുണ്ട്. പ്രധാനമന്ത്രിയ്ക്ക് വരച്ച ചിത്രം സമ്മാനിക്കുകയെന്ന തന്റെ ആഗ്രഹം അറിയാവുന്ന സുരേഷ് ഗോപി മകളുടെ വിവാഹത്തിരക്കിനിടയിലും അതിനുവേണ്ട നടപടിക്രമങ്ങള്‍ ചെയ്തുതന്നെന്നും ജസ്‌ന പറഞ്ഞു.

‘ കണ്ണന്റെ ചിത്രം പ്രധാനമന്ത്രിയ്ക്ക് സമ്മാനിക്കാന്‍ ഇതിലും വലിയ അവസരം ഇനി വരാനില്ലയെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. കണ്ണന്റെ തിരുനടയില്‍വെച്ചുതന്നെയാണ് അത് സമ്മാനിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് ഇതിനുവേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്തത്. ഇത് വലിയ ഭാഗ്യമായി കരുതുന്നു’ എന്നും ജസ്‌ന പറഞ്ഞു.

ഭാഗ്യയുടെ വിവാഹത്തിലും ജസ്‌ന പങ്കെടുത്തു. ഗുരുവായൂര്‍ ക്ഷേത്രത്തിലെക്കും ജസ്‌ന വരച്ച കണ്ണനെ സമ്മാനിച്ചു.

ഏതാണ്ട് പത്തുവര്‍ഷത്തോളമായി ജസ്‌ന സലീം കണ്ണന്റെ ചിത്രം വരയ്ക്കുന്നുണ്ട്. ചിത്രം വരയ്ക്കുന്നതിന്റെ പേരില്‍ മതമൗലികവാദികളില്‍ നിന്നും ജസ്‌നയ്ക്ക് വലിയതോതിലുള്ള ഭീഷണികള്‍ നേരിടേണ്ടിവന്നിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായ ജസ്‌നയ്ക്ക് സൈബര്‍ ആക്രമണവും നേരിടെണ്ടി വന്നിട്ടുണ്ട്.