ഇരുപത് രൂപയ്ക്ക് കിടിലൻ ഊണ്; പൂക്കാട് ജനകീയ ഹോട്ടൽ പുനരാരംഭിച്ചു


കൊയിലാണ്ടി: ആരും പട്ടിണി കിടക്കരുത് എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ജനകീയ ഹോട്ടലുകൾ ഇപ്പോൾ ജോലിക്കാരെയും നിരവധി കുടുംബങ്ങളെയും അന്നമൂട്ടി കൊണ്ട് മുന്നേറ്റത്തിന്റെ വഴിയിലാണ്. ഇനി പൂക്കാടുകാർക്കും പൈസ ഇല്ലാത്തതിനാൽ പട്ടിണി കിടക്കേണ്ടി വരില്ല.


പൂക്കാട് ടൗണിന് തെക്ക് ഭാഗത്ത് ഇന്നാരംഭിച്ച കുടുംബശ്രീയുടെ നവീകരിച്ച ജനകീയ ഹോട്ടൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്തോഫീസിന് മുൻവശത്തെ ബിൽഡിങ്ങ് ദേശീയ പാത വികസനത്തിന്റെ ഭാഗമായി പൊളിച്ച് മാറ്റിയപ്പോൾ പുതിയ സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. 20 രൂപയ്ക്ക് ചോറ്, രണ്ട് ഒഴിച്ചുകറി, ഒരു തോരൻ, അച്ചാർ എന്നിവയോടെ കൂടെ അടിപൊളി ഊണ് ആണ് ലഭിക്കുക. സ്പെഷ്യൽ വേണമെങ്കിൽ എക്സ്ട്രാ പണം നൽകിയാൽ മതി.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ അജ്നഫ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ അതുല്യ ബൈജു, ഗ്രാമപഞ്ചായത്തംഗങ്ങളായ സുധ തടവൻ കയ്യിൽ, പി ശിവദാസൻ, ഗീത മുല്ലോളി, കുടുംബശ്രീ ചെയർപേഴ്സൻ ആർ.പി വത്സല, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഏ.പി മിനി എന്നിവർ സന്നിഹിതരായി.