ജാനകിക്കാട്ടിലെ നൂറ് വര്‍ഷം പഴക്കമുള്ള കിണറിലെ മണ്ണ് നീക്കം ചെയ്ത നിലയില്‍; കിണറില്‍ ഒളിഞ്ഞിരിക്കുന്നത് നിധിയോ? പരാതി നല്‍കി വനം വകുപ്പ്


പേരാമ്പ്ര: മരുതോങ്കര പഞ്ചായത്തിലെ നൂറ് കൊല്ലം പഴക്കമുള്ള കിണറ്റിലെ മണ്ണ് ഒരു രാത്രി പുലര്‍ന്നപ്പോള്‍ കാണാതായി. ജാനകിക്കാട്ടിലെ കിണറണിലെ മണ്ണ് കാണാതായതാണ് നാട്ടുകാരെ ആശ്ചര്യപ്പെടുത്തിയത്. രണ്ട് ദിവസം മുമ്പാണ് മണ്ണ് നീക്കം ചെയ്യപ്പെട്ടതായി നാട്ടുകാര്‍ ശ്രദ്ധിക്കുന്നത്.

സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. കിണറ്റിലെ മണ്ണ് നീക്കിയ കാര്യം ശ്രദ്ധയില്‍ പെട്ട വനം വകുപ്പ് ഇത് സംബന്ധിച്ച് തൊട്ടില്‍പാലം പൊലീസില്‍ പരാതി നല്‍കി. ജാനകിക്കാട് തൃക്കൈപറമ്പ് മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്ന് ഏകദേശം 200 മീറ്റര്‍ അകലെയാണ് ഈ കിണര്‍ സ്ഥിതി ചെയ്യുന്നത്.

വളരെ പഴക്കമുള്ള ക്ഷേത്രമാണ് തൃക്കൈപറമ്പ് മഹാവിഷ്ണു ക്ഷേത്രം. അതിനാല്‍ ക്ഷേത്രത്തിന് സമീപമുള്ള കിണറില്‍ നിധി ഉണ്ടെന്നാണ് പലരും വിശ്വസിക്കുന്നത്. അങ്ങനെ വിശ്വസിക്കുന്ന ആരോ നിധി കണ്ടത്താനായി മണ്ണ് മാറ്റിയതാണോ എന്ന സംശയമാണ് പ്രദേശവാസികള്‍ ഉയര്‍ത്തുന്നത്.

കിണറിന്റെ അടിത്തട്ടോളം കെട്ടിയിട്ടുണ്ട്. എന്നാല്‍ കിണറിന്റെ പകുതി ഭാഗത്തോളം കാലപ്പഴക്കം കാരണം മണ്ണ് വീണ് നികന്നു പോയിരുന്നു. ഈ മണ്ണാണ് അജ്ഞാതര്‍ നീക്കിയത്.

മരങ്ങളും വള്ളികളും വളര്‍ന്ന് പന്തലിച്ചിരിക്കുന്ന ഭാഗത്ത് സാധാരണക്കാര്‍ക്ക് എത്തിപ്പെടാന്‍ പ്രയാസമാണ്. കിണറില്‍നിന്ന് എടുത്ത മണ്ണ് തൊട്ടടുത്ത് കൂട്ടിയിട്ടിരിക്കുകയാണ്. ഒന്നിലധികം പേര്‍ കഠിനപ്രവര്‍ത്തനം നടത്തിയാല്‍ മാത്രമേ കാട്ടിനുള്ളിലെ കിണറ്റില്‍ നിന്ന് ഇത്രയും മണ്ണ് നീക്കാന്‍ പറ്റൂ എന്നാണ് നാട്ടുകാര്‍ പറയുന്നത്.