ഇനി ദിവസങ്ങള്‍ മാത്രം; വിയ്യൂർ ശക്തൻകുളങ്ങര ക്ഷേത്ര മഹോത്സവം മാര്‍ച്ച് 2ന് കൊടിയേറും


കൊയിലാണ്ടി: വിയ്യൂർ ശക്തൻകുളങ്ങര ക്ഷേത്ര മഹോത്സവത്തിന് മാർച്ച് 2 ശനിയാഴ്ച കൊടിയേറും. തന്ത്രി കുബേരൻ സോമയാജിപ്പാട് മുഖ്യ കാർമ്മികത്വം വഹിക്കും. കൊടിയേറ്റത്തിനുള്ള മുള മുറിക്കൽ ചടങ്ങ് കാലത്ത് കിഴക്കെ തയ്യിൽ രഘുനാഥ്, കുറുമയിൽ നടുവത്തൂർ എന്നവരുടെ വീട്ടുപറമ്പിൽ നടക്കും.

കൊടിയേറ്റ ദിവസം കരിമരുന്ന് പ്രയോഗം, സമൂഹസദ്യ, കലാമണ്ഡലം ഹരികൃഷ്ണൻ അനന്തപുരം, കലാമണ്ഡലം ഹരികൃഷ്ണൻ ആലപ്പുഴ എന്നിവർ അവതരിപ്പിക്കുന്ന ഇരട്ടത്തായമ്പക, കോഴിക്കോട് സൃഷ്ടി കമ്മ്യൂണിക്കേഷൻ അവതരിപ്പിക്കുന്ന നാടകം “നമ്മൾ” എന്നിവ നടക്കും.

മാർച്ച് 3ന് കൊച്ചു കലാകാരൻമാരുടെ മേളം, ക്ഷേത്രം വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഗാ തിരുവാതിര, ശുകപുരം രഞ്ജിത്, സദനം അശ്വിൻ മുരളി എന്നിവർ അവതരിപ്പിക്കുന്ന ഇരട്ടത്തായമ്പക, കൈരളി കലാ-സാംസ്കാരിക വേദി അവതരിപ്പിക്കുന്ന കൈരളി നൈറ്റ് എന്നിവ അരങ്ങേറും.

മാർച്ച് 4ന് കോട്ടപ്പുറം കുടവരവ്, മഞ്ഞുമ്മൽ മഹാദേവൻ- ഏറണാകുളം അവതരിപ്പിക്കുന്ന തായമ്പക, അരങ്ങോല വരവ്, പിന്നണി ഗായിക ശിഖ പ്രഭാകർ നയിക്കുന്ന ഗാനമേള, മുല്ലക്കാൻ പാട്ടിനെഴുന്നള്ളത്ത്, പാണ്ടിമേളം, പുലർച്ചെ പരദേവതാ ക്ഷേത്രത്തിൽ കള പ്രദക്ഷിണം, തുടർന്ന് തേങ്ങ ഏറുംപാട്ടും എന്നിവ അരങ്ങേറും.

മാർച്ച് 5ന് വൈകീട്ട് കലാമണ്ഡലം സുരേഷ് കാളിയത്ത് അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ, കണലാടി വരവ്, വെടിക്കെട്ട്, ചൊവ്വല്ലൂർ മോഹനൻ വാര്യരുടെ തായമ്പക എന്നിവയും പ്രധാന ദിവസമായ മാര്‍ച്ച് 6ന്‌ പുലർച്ചെ നെയ്യാട്ടം, കാലത്ത് ആനയൂട്ട്, കഴകത്ത് വരവ്, തുടർന്ന് തട്ടാരി, കേളോത്ത് താഴെ, കുറ്റിമാക്കൂൽ, പാണക്കുനി എന്നിവിടങ്ങളില്‍ നിന്നുള്ള ആഘോഷ വരവുകൾ, ഉച്ചക്ക് ശേഷം തിരുവായുധം വരവ്, ഭഗവതി തിറ, തിടമ്പ് വരവ്, ആൽത്തറ വരവ്, പൊതുജന കാഴ്ചവരവ്, തണ്ടാൻ വരവ്, താലപ്പൊലി, കമ്മാളരുടെ വരവ്, പരദേവതക്ക് നട്ടത്തിറ, കാലിക്കറ്റ് മ്യൂസിക്കൽ വൈബിൻ്റെ ഗാനമേള, കരിമരുന്ന് പ്രയോഗം, പുലർച്ചെയോടെ പരദേവതക്ക് വെള്ളാട്ട്, വേളിത്തിരിവെക്കൽ, പരദേവതത്തിറ, കനൽ നിവേദ്യം, ഭഗവതി തിറ, ചാമുണ്ഡി തിറ, കനലാട്ടം, ഗരുഡൻ തിറ എന്നിവ നടക്കും.

സമാപന ദിവസമായ മാര്‍ച്ച് 7ന്‌ കാലത്ത് കാളിയാട്ട പറമ്പിൽ ഗുരുതി, വൈകീട്ട് മലക്കളി, രാത്രി ഗജവീരന്മാരുടെ അകമ്പടിയോടെ ആറാട്ടിനെഴുന്നള്ളിപ്പ്, ഇരിങ്ങപ്പുറം ബാബുവിൻ്റെ മേളപ്രമാണത്തിൽ നൂറോളം വാദ്യകലാകാരന്മാർ അണിനിരക്കുന്ന പാണ്ടിമേളം, വാളകം കൂടലിന് ശേഷം കരിമരുന്ന് പ്രയോഗം എന്നിവ നടക്കും.

ക്ഷേത്രം പ്രസിഡൻ്റ് എം.പി രാമചന്ദ്രൻ, സെക്രട്ടറി സി.ബാലകൃഷ്ണൻ, ഖജാൻജി പി.വി കുഞ്ഞിക്കേളപ്പൻ, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ഗംഗാധരൻ പെരുങ്കുനി, ഭരണ സമിതി അംഗം ജയചന്ദ്രൻ പുതിയ പറമ്പത്ത് എന്നിവർ പ്രസ് ക്ലബ്ബിൽ ചേർന്ന പത്ര സമ്മേളനത്തിൽ സംസാരിച്ചു.