എച്ച്.എം.പി.വി വൈറസിന്‌ കൊവിഡുമായി ബന്ധമുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം


ചൈനയിൽ വ്യാപകമായി പടരുന്ന എച്ച്.എം.പി.വി വൈറസ് ഇന്ത്യയിൽ സ്ഥിരീകരിച്ചതോടെ ആളുകള്‍ വീണ്ടും ആശങ്കയിലാണ്. കൊവിഡ് കാലം പോലെ വീണ്ടും കേരളം മാറുമോ എന്നാണ് പലര്‍ക്കും ആശങ്ക. എച്ച്.എം.പി.വി വൈറസും കോവിഡിന് കാരണമായ സാർസ് കോവ്– 2 വൈറസും വ്യത്യസ്ത വൈറസ് കുടുംബത്തിൽപെട്ടവയാണെങ്കിലും രണ്ടു രോഗങ്ങൾക്കും ചില സമാനതകളുണ്ട്. അതുകൊണ്ടുതന്നെ മുന്‍കരുതലുകള്‍ എടുക്കുന്നത് നല്ലതാണ്‌.

എന്താണ് എച്ച്.എം.പി.വി വൈറസ്

ന്യൂമോവിരിഡേ കുടുംബത്തിലെ മെറ്റാന്യുമോവൈറസ് വര്‍ഗത്തില്‍പെട്ട വൈറസാണിത്. ശ്വാസകോശ അണുബാധയുള്ള കുട്ടികളില്‍ നിന്നുള്ള സാമ്പിളുകള്‍ പഠിക്കുന്നതിനിടെ 2001 ല്‍ ഡച്ച് ഗവേഷകരാണ് ഇത് ആദ്യമായി കണ്ടെത്തിയത്.  പ്രായമായവരും കുട്ടികളും പ്രതിരോധശക്തി കുറഞ്ഞവരുമാണ് അപകടസാധ്യതാ വിഭാഗത്തിലുള്ളത്.

ലക്ഷണങ്ങള്‍

*തണുപ്പ് കാലത്താണ് രോഗം പടരാൻ സാധ്യത.

*ജലദോഷമോ പനിയോ വരുമ്പോഴുണ്ടാകുന്ന രോഗലക്ഷണങ്ങളാണ് എച്ച്എംപിവിക്കും സാധാരണയായി ഉണ്ടാവുക.

*കഫകെട്ട്, പനി, ശ്വാസ തടസ്സം, മൂക്കടപ്പ് എന്നിവയെല്ലാം പ്രധാന ലക്ഷണങ്ങളാണ്.

*പ്രതിരോധ ശേഷി കുറഞ്ഞവരിൽ ബ്രോങ്കൈറ്റിസിനും ന്യുമോണിയയ്ക്കും കാരണമാകും.

*3 മുതൽ 6 ദിവസം വരെയാണ് ഇൻക്യുബേഷൻ പിരീഡ് ( രോഗാണു ശരീരത്തിൽ കയറിയത് മുതൽ രോഗലക്ഷണം കാണിക്കുന്നതു വരെയുള്ള സമയം).

വൈറസ് പടരുന്നത് എങ്ങനെ ?

*ചുമ, തുമ്മൽ എന്നിവയിൽനിന്നുള്ള സ്രവങ്ങൾ ശരീരത്തിൽ എത്തുന്നതു വഴി

*രോഗം ബാധിച്ചവരുമായി നേരിട്ടുള്ള സമ്പർക്കം ( സ്പർശനമോ, കൈ കൊടുക്കുകയോ ചെയ്യുമ്പോൾ)

*മലിനമായ പ്രതലങ്ങളിൽ സ്പർശിച്ചതിന് ശേഷം വായിലോ മൂക്കിലോ കണ്ണിലോ തൊടുന്നത് വഴി

പ്രതിരോധ മാർഗങ്ങൾ

*മാസ്ക് ഉപയോഗിക്കുക

*കണ്ണുകളോ മൂക്കോ വായോ തൊടുന്നതിന് മുമ്പ് കൈകൾ കഴുകിയെന്ന് ഉറപ്പു വരുത്തുക

*കൈകൾ സോപ്പോ വെള്ളമോ ഉപയോഗിച്ച് കഴുകുക.

*തൊട്ടടുത്ത് നിന്ന് ആരെങ്കിലും തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ മുഖവും മൂക്കും പൊത്തിപ്പിടിക്കാൻ ശ്രമിക്കുക

ഫ്‌ളൂ ആയോ ചുമ, ജലദോഷം, പനി, തുമ്മല്‍ എന്നിങ്ങനെയോ ശരീരത്തില്‍ കയറുന്ന വൈറസ് രോഗപ്രതിരോധശേഷി കുറവുള്ളവരില്‍ പിന്നീട് ബ്രോങ്കൈറ്റിസ്, ന്യുമോണിയ എന്നിവയിലേക്കു കടക്കും. തണുപ്പ്കാലത്ത് വ്യാപനശേഷി കൂടാനും സാധ്യതയുണ്ട്. വെെറസ്  രോഗബാധയുള്ള വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേയ്ക്ക് പകരും. കുട്ടികളും പ്രായമായവരും രോഗപ്രതിരോധശേഷി കുറഞ്ഞവരും മുന്‍കരുതലുകള്‍ എടുക്കേണ്ടതാണ്. വൈറസിനെ പ്രതിരോധിക്കാന്‍ പ്രാപ്തമായ വാക്സിന്‍ കണ്ടെത്തിയിട്ടില്ലാത്തതും ആന്റിവൈറല്‍ മരുന്നുകള്‍ ഇല്ലാത്തതുമാണ് പ്രാധാന വെല്ലുവിളി.

Description: Is the HMPV virus related to Covid? Let's take care of these things