നിങ്ങളുടെ കാര്‍ ബന്ധുക്കള്‍ക്കോ പരിചയക്കാര്‍ക്കോ ഉപയോഗിക്കാന്‍ നല്‍കുന്നതില്‍ തെറ്റുണ്ടോ?; അറിയാം നിയമവശങ്ങള്‍
ആലപ്പുഴ കളര്‍കോട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ കാര്‍ വാടകയ്ക്ക് നല്‍കുന്ന വിഷയത്തില്‍ വലിയ ചര്‍ച്ചകള്‍ ഉയരുന്നുണ്ട്. സ്വകാര്യ ആവശ്യത്തിനായി റജിസ്റ്റര്‍ ചെയ്ത വാഹനം ടാക്‌സിയായി ഓടിക്കാനോ വാടക വാങ്ങി മറ്റൊരാള്‍ക്കു നല്‍കാനോ പാടില്ല എന്ന നിയമമുണ്ട്. കാറുകള്‍ വാടകയ്ക്ക് നല്‍കാന്‍ നല്‍കാന്‍ ലൈസന്‍സ് ആവശ്യമുണ്ട്. എന്നാല്‍ നമ്മുടെ നാട്ടില്‍ പലപ്പോഴും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊക്കെ വാഹനം ഉപയോഗിക്കാന്‍ നല്‍കുന്നത് പതിവാണ്. നിയമപരമായി ഇത് പ്രശ്‌നമാണോ? എന്ന സംശയം ഇപ്പോള്‍ പലര്‍ക്കുമുണ്ട്.
സ്വകാര്യ വാഹനം വാടകയ്ക്ക് നല്‍കാമോയെന്ന കാര്യത്തില്‍ നല്‍കാന്‍ കഴിയില്ലയെന്നതാണ് മറുപടി. റെന്റ് എ ക്യാമ്പ് ലൈസന്‍സ് ഉള്ള കമ്പനികള്‍ക്കാണ് കാറുകള്‍ വാടകയ്ക്ക് നല്‍കാന്‍ കഴിയുക. കേരളത്തില്‍ ഇവിഎം വീല്‍സ്, ഇന്റസ്‌ഗോ തുടങ്ങിയവ വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന കമ്പനികളാണ്. അത്തരം വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് കറുപ്പില്‍ മഞ്ഞനിറമുള്ള അക്ഷരങ്ങളുള്ളതായിരിക്കണം. റെന്റ് എ ക്യാബ് ബിസിനസ് നടത്താന്‍ ചുരുങ്ങിയത് അന്‍പതിലേറെ വാഹനങ്ങളെങ്കിലും സ്വന്തമായുണ്ടാവണം. കുറഞ്ഞത് അഞ്ച് ജില്ലകളിലെങ്കിലും പ്രവര്‍ത്തിക്കുന്ന കമ്പനിയുമായിരിക്കണം. അവയ്ക്ക് ടൂറിസ്റ്റ് പെര്‍മിറ്റും വേണം.
ഇനിയുമുണ്ട് നൂലാമാലങ്ങള്‍. മോട്ടോര്‍വാഹന വകുപ്പിന്റെ നിയമപ്രകാരം അഞ്ച് വര്‍ഷം മാത്രമേ ഒരു വാഹനം വാടകയ്ക്ക് നല്‍കാന്‍ കഴിയൂ. അഞ്ച് വര്‍ഷത്തിന് ശേഷം റെന്റ്-എ-കാര്‍ പെര്‍മിറ്റില്‍ വാഹനം ഓടിക്കാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ വാഹനത്തിന്റെ കാര്യക്ഷമത നിലനിര്‍ത്താന്‍ സാധിക്കും. കൂടാതെ ടാക്‌സികളെപ്പോലെ തന്നെ രണ്ട് വര്‍ഷം കൂടുമ്പോള്‍ ഈ വാഹനങ്ങള്‍ക്കും മോട്ടര്‍ വാഹന ടെസ്റ്റുകളുണ്ട്. കൂടാതെ സ്പീഡ് ഗവര്‍ണര്‍, പാനിക് ബട്ടന്‍ എന്നിവയുണ്ട്.
വാടകയ്ക്ക് നല്‍കുന്ന വാഹനങ്ങളുടേത് പ്രത്യേക ഇന്‍ഷുറന്‍സാണ്. ഇത്തവരം വാഹനങ്ങള്‍ക്ക് അപകടമുണ്ടായാല്‍ വാഹനത്തിലെ യാത്രക്കാര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നു. എന്നാല്‍, ഓരോ കമ്പനിയുടെ പോളിസിയുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയില്‍ നിന്ന് വാഹനത്തിന്റെ നോ ക്ലെയിം ബോണസ് ഇടാക്കാറുണ്ട്. വാഹനം അപകടത്തില്‍ പെട്ടാലും ഉപഭോക്താക്കളില്‍ നിന്ന് വലിയ തുക റെന്റ് കമ്പനികളില്‍ ഈടാക്കാറില്ല.
നമ്മുടെ വാഹനങ്ങള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊക്കെ നല്‍കുന്നത് നിയമവിരുദ്ധമാണോയെന്ന സംശയം നിങ്ങളിലുണ്ടാവാം. അടുപ്പമുള്ളവര്‍ക്ക് നല്‍കുന്നതില്‍ തെറ്റില്ല, എന്നാല്‍ ആ വാഹനത്തില്‍ നിങ്ങളോ അടുത്ത കുടുംബാംഗങ്ങളോ ഉണ്ടായിരിക്കണമെന്ന് മാത്രം. അല്ലെങ്കില്‍ അപകടങ്ങളോ മറ്റ് അനിഷ്ടസംഭവങ്ങളോ ഉണ്ടാകുമ്പോള്‍ അതിലെ കൂട്ടുത്തരവാദിത്തം നിരപരാധിയായ നിങ്ങളുടെ കൂടിയാവും. അതിന് ഉദാഹരണമാണ് കുറച്ചുവര്‍ഷം മുമ്പുണ്ടായ കെവില്‍ കൊലക്കേസില്‍. ഈ കേസില്‍ പ്രതികള്‍ ഉപയോഗിച്ച ഇന്നോവ ഓടിക്കാനായി നല്‍കിയ അതിന്റെ ഉടമയേയും പ്രതിചേര്‍ത്തിരുന്നു. അതിനാല്‍ സുഹൃത്തുക്കള്‍ക്കെന്ത് തോന്നും, അവര്‍ പിണങ്ങുമോ എന്നൊക്കെ ഭയന്ന് വാഹനങ്ങള്‍ നല്‍കാതിരിക്കുന്നതാണ് ബുദ്ധി.