താരന്‍ അകറ്റാന്‍ കറ്റാര്‍ വാഴ നല്ലതാണോ ? താരന്‍ മാറ്റാനിതാ അഞ്ച് എളുപ്പവഴികള്‍


സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ലാതെ എല്ലാവരെയും ഒരുപോലെ അലട്ടുന്ന പ്രശ്‌നമാണ് താരന്‍. മുടി കൊഴിച്ചിലും ചൊറിച്ചിലുമാണ് താരന്റെ പ്രധാന ലക്ഷണങ്ങള്‍.

താരന്‍ അമിതമായാല്‍ ചൊറിച്ചിലും അതി കഠിനമാകും. പിന്നാലെ നെറ്റിയിലും മുഖത്തും കുരുക്കള്‍ ഉണ്ടാവുകയും ചൊറിയുമ്പോള്‍ താരന്റെ പൊടി ശരീരത്തിലും വസ്ത്രങ്ങളിലും പറ്റിപ്പിടിക്കുകയും ചെയ്യും.

അതുകൊണ്ടുതന്നെ താരന്‍ ആള് ചില്ലറക്കാരനല്ല. എന്നാല്‍ വീട്ടില്‍ തന്നെയുള്ള വസ്തുക്കള്‍ ഉപയോഗിച്ച് താരന്‍ കുറയ്ക്കാന്‍ സാധിക്കും. അത്തരത്തില്‍ ചിലവ് കുറഞ്ഞ രീതിയില്‍ താരകറ്റാനുള്ള ചില വഴികളിതാ.

1- മുടി കൊഴിച്ചിലിനും താരനും ഏറ്റവും ഫലപ്രദമായ ഒന്നാണ് കറ്റാര്‍ വാഴ. ആഴ്ചയില്‍ രണ്ട് ദിവസങ്ങളില്‍ കറ്റാര്‍ വാഴയുടെ ജെല്‍ തലയില്‍ പുരട്ടി തിരുമ്മുക. ഏതാണ്ട് പത്ത് മിനിട്ട് കഴിഞ്ഞ് കഴുകികളയാം. താരന്‍ മൂലമുള്ള ചൊറിച്ചില്‍ കുറയ്ക്കാനും കറ്റാര്‍ വാഴ ജെല്‍ വളരെ നല്ലതാണ്.

2- കറ്റാര്‍വാഴ പോലെ തന്നെ താരന്‍ മാറാന്‍ സഹായിക്കുന്ന മറ്റൊന്നാണ് ചെറുനാരങ്ങ. ആഴ്ചയില്‍ മൂന്ന് ദിവസം ചെറുനാരങ്ങ നീര് തലയോട്ടില്‍ പുരട്ടി നന്നായി തടവുക.ശേഷം 5മിനുട്ട് കഴിഞ്ഞ് കഴുകി കളയാവുന്നതാണ്.

3- തലേ ദിവസം വെള്ളത്തില്‍ കുതിര്‍ത്തു വെച്ച ഉലുവ അരച്ചെടുക്കുക. ശേഷം അതിലേക്ക് അല്‍പം തൈരും കുറച്ച് എണ്ണയും ചേര്‍ത്ത് തലയില്‍ നന്നായി തേച്ചുപ്പിടിപ്പിക്കുക. ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് നല്ല തണുത്ത വെള്ളത്തില്‍ കഴുകികളയുക.

4- ചെമ്പരത്തി ഇലകള്‍ അല്‍പനേരം വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക. ശേഷം നന്നായി അരച്ച് പിഴിഞ്ഞെടുത്ത് തലമുടി കഴുകുക. ആഴ്ചയില്‍ മൂന്ന് ദിവസം ഇങ്ങനെ ചെയ്യാവുന്നതാണ്. താരന്‍ കുറയാനും മുടിയുടെ സംരക്ഷണത്തിനും ചെമ്പരത്തി താളി മികച്ചതാണ്.

5- ചെറുപയര്‍ പൊടി താളിയായി ഉപയോഗിക്കുന്നത് താരന്‍ മാറാന്‍ ഏറെ സഹായിക്കും. ഒപ്പം ശരീരകാന്തിക്കും ചെറുപയര്‍ പൊടി തേച്ചു കുളിക്കുന്നത് നല്ലതാണ്.