അവധിക്കാലം തീരും മുന്‍പ് ഒന്ന് ഇന്ത്യ കറങ്ങിയാലോ? ഹൈദരാബാദ്, ഗോവ, ജയ്പുര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ടൂര്‍ പാക്കേജുമായി ഐ.ആര്‍.സി.ടി.സി


കോഴിക്കോട്: അവധി തീരും മുമ്പ് പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കി ഐ.ആര്‍.സി.ടി.സി ഭാരത് ഗൗരവ് ട്രെയിന്‍. യാത്രാക്കാരുടെ പ്രിയ്യപ്പെട്ട സ്ഥലങ്ങളിലുടെ 12 ദിവസം നീണ്ടു നില്‍ക്കുന്ന യാത്രയാണ് ഒരുക്കുന്നത്.

19ന് കൊച്ചുവേളിയില്‍നിന്ന് ആരംഭിച്ച് ഹൈദരാബാദും ഗോവയും ഉള്‍പ്പെടുത്തി ഗോള്‍ഡന്‍ ട്രയാംഗിള്‍, ഹൈദരാബാദ്, ആഗ്ര, ഡല്‍ഹി, ജയ്പുര്‍, ഗോവ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് മേയ് 30ന് തിരിച്ചെത്തുന്ന രീതിയിലാണ് ടൂര്‍ പാക്കേജ് ക്രമീകരിച്ചിരിക്കുന്നത്.

എ.സി 3 ടിയര്‍, സ്ലീപ്പര്‍ ക്ലാസുകളില്‍ 750 വിനോദസഞ്ചാരികളെ ഉള്‍ക്കൊള്ളുന്നതാണ് ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിന്‍. കൊച്ചുവേളി, കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, ഒറ്റപ്പാലം, പാലക്കാട് ജങ്ഷന്‍, പോടന്നൂര്‍ ജങ്ഷന്‍, ഈറോഡ് ജങ്ഷന്‍, സേലം എന്നിവിടങ്ങളില്‍നിന്ന് ട്രെയിന്‍ കയറാം.

11 രാവും 12 പകലും നീണ്ടുനില്‍ക്കുന്ന യാത്രയില്‍ സ്ലീപ്പര്‍ ക്ലാസും 3 ടയര്‍ എ.സി സൗകര്യവുമുള്ള എല്‍.എച്ച്.ബി ട്രെയിനില്‍ യാത്രക്കാരുടെ സുരക്ഷക്കായി എല്ലാ കോച്ചുകളിലും സുരക്ഷ ജീവനക്കാരുടെ സേവനവും സി.സി.ടി.വി കാമറകളും സജ്ജീകരിച്ചിട്ടുണ്ട്. വൈദ്യസഹായം ആവശ്യമായാല്‍ ഡോക്ടറുടെ സേവനവുമുണ്ടാകും. കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് എല്‍.ടി.സി സൗകര്യം ലഭ്യമാണെന്നും ഭാരവാഹികള്‍ പറയുന്നു.

നോണ്‍ എ.സി ക്ലാസിലെ യാത്രക്ക് സ്റ്റാന്‍ഡേര്‍ഡ് എന്ന വിഭാഗത്തില്‍ ഒരാള്‍ക്ക് 22,900 രൂപയും തേര്‍ഡ് എ.സി ക്ലാസിലെ യാത്രക്ക് കംഫര്‍ട്ട് വിഭാഗത്തില്‍ ഒരാള്‍ക്ക് 36,050 രൂപയുമാണ് യാത്രാനിരക്ക്. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

summary: IRTC’s India Tour Package to enjoy your vacation