ദീപക്കിന്റേതെന്ന് കരുതി ഇര്‍ഷാദിന്റെ മൃതദേഹം സംസ്‌കരിച്ചത് ഡിഎന്‍എ പരിശോധനാഫലം വരും മുമ്പ്; മൃതദേഹം തിടുക്കപ്പെട്ട് സംസ്‌കരിക്കാന്‍ കൂട്ടുനിന്നതില്‍ ദുരൂഹതയുണ്ടെന്ന് ഇര്‍ഷാദിന്റെ കുടുംബം
പേരാമ്പ്ര: മേപ്പയൂരില്‍ നിന്നു കാണാതായ ദീപക്കിന്റേതെന്ന് കരുതി ഇര്‍ഷാദിന്റെ മൃതദേഹം സംസ്‌കരിച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി ഇര്‍ഷാദിന്റെ വാപ്പ. ഡിഎന്‍എ പരിശോധന പോലും നടത്താതെയാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഇര്‍ഷാദിന്റെ മൃതദേഹം സംസ്‌കരിച്ചത്. ഇത് സംബന്ധിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇര്‍ഷാദിന്റെ കുടുംബം കോടതിയെ സമീപിക്കും.
2022 ജൂലായ് 17 ന് കൊയിലാണ്ടി കോടിക്കല്‍ കടപ്പുറത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം മേപ്പയൂരില്‍ നിന്നു കാണാതായ ദീപക്കിന്റേതെന്ന് കരുതി 19നാണ് സംസ്‌കരിച്ചത്. എന്നാല്‍ ഡിഎന്‍എ പരിശോധന നടത്താതെ മൃതദേഹം വിട്ടു നല്‍കുകയും സംസ്‌കരിക്കാന്‍ അനുമതി നല്‍കുകയും ചെയ്ത പോലീസിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇര്‍ഷാദിന്റെ കുടുംബം വടകര റൂറല്‍ എസ്പിക്ക് പരാതി നല്‍കി.
സംസ്‌കരിച്ച മൃതദേഹം ദീപകിന്റേതല്ലെന്ന് ചില സുഹൃത്തുക്കളും ബന്ധുക്കളും സംശയം പ്രകടിപ്പിക്കുകയും പരാതിപ്പെടുകയും ചെയ്തതിനു പിന്നാലെ പോലീസ് ഡിഎന്‍എ ടെസ്റ്റ് നടത്തുകയായിരുന്നു. എന്നാല്‍ പരിശോധനാഫലം വരുംമുമ്പ് തന്നെ മൃതദേഹം ദഹിപ്പിക്കുകയായിരുന്നു. ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ മൃതദേഹം ഡിഎന്‍എ പരിശോധനാഫലം വരും മുമ്പ് തിടുക്കപ്പെട്ട് സംസ്‌കരിക്കാന്‍ കൂട്ടുനിന്നതില്‍ ദുരൂഹതയുണ്ടെന്നും ഈ സാഹചര്യത്തിലാണ് പരാതി നല്‍കിയതെന്നും പിതാവ് പറഞ്ഞു.