കർക്കിടകവാവ് ബലി തർപ്പണത്തിന് വിപുലമായ ഒരുക്കങ്ങളുമായി ഇരിങ്ങൽ സുബ്രഹ്മണ്യ ക്ഷേത്രം


പയ്യോളി: കർക്കിടക വാവുബലി തർപ്പണത്തിന് വിപുലമായ ഒരുക്കങ്ങളുമായി ഇരിങ്ങൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം. ക്ഷേത്രത്തിന് വടക്കു ഭാഗത്ത് സർഗാലയ ബോട്ട് ജട്ടിക്ക് സമീപം ആഗസ്ത് 3 ന് ശനിയാഴ്‌ച പുലർച്ചെ 5 മണിമുതൽ ബലിതർപ്പണം നടത്തുന്നതാണെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. കൃത്യമായ ആചാരാനുഷ്ടാനങ്ങളോടെ വർഷങ്ങളായി ബലികർമ്മം നടത്തപ്പടുന്ന ഇവിടെ എല്ലാവർഷവും നിരവധി പേർ എത്താറുണ്ട്.

കുറ്റിയാടി പുഴയുടെ തീരത്ത് സർഗ്ഗാലയ ബോട്ടു ജെട്ടിക്കു സമീപത്തായി ഒരുക്കുന്ന ബലി തർപ്പണത്തിനായുള്ള സ്ഥലം പ്രത്യേക സുരക്ഷ വേലി കെട്ടി സുരക്ഷാ ഉറപ്പാക്കും. 250പേർക്ക് ഒരെ സമയത്ത് ബലിതർപ്പണത്തിന് ഉള്ള സൗകര്യം ഉണ്ട്. വാഹനത്തിൽ എത്തുന്നവർക്ക് വിശാലമായ പാർക്കിങ് സൗകര്യവും സർഗ്ഗാലയ അധികൃതരുമായി സഹകരിച്ചു ഏർപ്പെടുത്തും. പ്രത്യേക സുരക്ഷാ വളണ്ടിയർ മാരുടെ സേവനവും ഉണ്ടായിരിക്കും. വസ്ത്രം മാറാനും കുളിക്കാനുമായി സ്ത്രീകൾക്കായി പ്രത്യേക സൗകര്യങ്ങളും ഉണ്ടാവും.

ക്ഷേത്രം മേൽ ശാന്തി ഉണ്ണി ശാന്തി കാർമ്മികത്വം വഹിക്കും. ബലികർമ്മത്തിന് ആവശ്യമായ ദ്രവ്യങ്ങൾ ബലിക്കടവിലുള്ള കൌണ്ടറിൽ നിന്നും ലഭിക്കുന്നതാണ്. ബലിതർപ്പണത്തിനെത്തുന്നർക്കുള്ള സൗകര്യങ്ങൾക്കായി ക്ഷേത്രത്തിൽ വിപുലമായ സംഘാടക സമിതി പ്രവർത്തിക്കുന്നുണ്ട്. പുഴയോരത്തെ ബലികർമ്മം കഴിഞ്ഞു ക്ഷേതത്തിലേക്കെത്തുന്നവർക്കു ലഘുഭക്ഷണവും ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്രം പ്രസിഡൻ്റ് പി.എൻ.അനികുമാർ, സെക്രട്ടറി ടി.വി.പദ്‌മാക്ഷൻ എന്നിവർ പറഞ്ഞു.