വെള്ളിയൂരിലെ വീടുകളിൽ മോഷണം നടത്തിയത് ‘കൂമൻ ഇസ്മയിൽ’; അന്തർ സംസ്ഥാന മോഷ്ടാവിനെ തന്ത്രപരമായി പിടികൂടി പേരാമ്പ്ര പോലീസ്
പേരാമ്പ്ര: വെള്ളിയൂരിലെ വിവിധ സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസം മോഷണം നടത്തിയ പ്രതി പിടിയിൽ. അന്തർസംസ്ഥാന മോഷ്ടാവായ കൂമൻ ഇസ്മയിൽ ആണ് പേരാമ്പ്ര പോലീസിന്റെ പിടിയിലായി. പേരാമ്പ്ര ഡിവൈഎസ്പി കെ എം ബിജുവിന്റെ നേതൃത്വത്തിലുള്ള സ്ക്വാർഡിന്റെ നിരന്തര പരിശ്രമത്തിന്റെ ഭാഗമായി തൃശ്ശൂരിൽ നിന്നുമാണ് പ്രതി പിടിയിലായത്.
മെയ് ഒന്നിനാണ് വെള്ളിയൂരിലെ വിവിധ ഭാഗങ്ങളിലുള്ള മൂന്നോളം വീടുകളിൽ കവർച്ച നടത്തുകയും ഏഴോളം വീടുകളിൽ കവർച്ചാശ്രമം നടത്തുകയും ചെയ്തത്. വെള്ളിയൂർ ടൗണിനടുത്ത് ഷാജി എന്നയാളുടെ വീട്ടിൽ നിന്ന് അരപ്പവന്റെ കമ്മൽ പ്രതി കവർന്നു. അധ്യാപകനായ മരത്തോല ബബീഷിന്റെ അമ്മയെ ബാത്ത്‌റൂമില്‍ പൂട്ടിയിട്ട ശേഷമാണ് മോഷണം നടന്നത്. ഇവിടെ നിന്നും മൂന്നര പവന്‍ സ്വര്‍ണവും 25,000 രൂപയും നഷ്ടപ്പെട്ടു. മറ്റൊരു വീട്ടിൽ നിന്നും സുമാർ ഒരു പവനോളം വരുന്ന കുഞ്ഞുങ്ങളുടെ ആഭരണങ്ങൾ മോഷ്ടികയും ചെയ്തിരുന്നു.
ഇതിൽ അധ്യാപകൻ്റെ അമ്മയെ ഒരു മണിക്കൂറിലധികം സമയം ബാത്റൂമിൽ പൂട്ടിയിടുകയായിരുന്നു. പിന്നീട് മകൻ വന്നു നോക്കിയപ്പോഴാണ് അമ്മയെ പൂട്ടിയിട്ടതായും കളവ് നടന്നതായും അറിഞ്ഞത്.
പേരാമ്പ്ര ഡിവൈഎസ്പി കെ എം ബിജുവിന്റെ നേതൃത്വത്തിലുള്ള സ്ക്വാർഡിന്റെ നിരന്തര പരിശ്രമത്തിന്റെ ഭാഗമായി കളവു നടത്തിയത് കൂമൻ ഇസ്മായിൽ എന്ന ഇസ്മയിൽ ആണെന്ന് തിരിച്ചറിയുകയും മറ്റു ജില്ലകളിലുൾപ്പെടെ ഇയാളെ നിരീക്ഷിച്ചുവരികയുമായിരുന്നു. തുടർന്ന് നടത്തിയ നിരീക്ഷണത്തിൽ പ്രതി തൃശ്ശൂർ സിറ്റിയിൽ ഉണ്ടെന്നുള്ള വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പേരാമ്പ്ര ഇൻസ്പെക്ടർ സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിൽ തൃശൂർ ഡാൻസാഫ് സ്ക്വാഡിൻ്റെ സഹായത്തോടുകൂടി പ്രതിയെ അതിസാഹസികമായി കീഴടക്കി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
നിലവിൽ മുപ്പതോളം കേസുകളുള്ള പ്രതി പോലീസിന്റെ കണ്ണ് വെട്ടിച്ച് പല സ്ഥലങ്ങളിലായി മാറി മാറി താമസിക്കുകയായിരുന്നു. കാപ്പ പ്രകാരം അറസ്റ്റിലായ പ്രതി മാർച്ച് മാസം തൃശൂർ ഹൈടെക് ജയിലിൽ നിന്നും പുറത്തിറങ്ങി വിവിധ സ്ഥലങ്ങളിൽ കവർച്ച ചെയ്യുകയായിരുന്നു.
വളരെ തന്ത്രപരമായി തെളിവുകിട്ടാത്ത തരത്തിൽ കളവു നടത്താറുള്ളയാളാണ് ഇസ്മയിൽ എന്ന് പോലീസ് പറഞ്ഞു. എന്നാൽ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ തുമ്പുണ്ടാക്കി പ്രതിയെ കസ്റ്റഡിയിലെടുത്ത് മികവ് തെളിയിച്ചിരിക്കുകയാണ് വെള്ളിയൂരിലെ കളവു പരമ്പരകേസിൽ പോലീസ്. ഇയാൾക്ക് നിലവിൽ കോഴിക്കോട് തൃശൂർ ,കൊല്ലം, പത്തനാപുരം, കായംകുളം, കുന്നംകുളം, തുടങ്ങി നിരവധി സ്റ്റേഷനുകളിൽ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
ഈയിടെ നൊച്ചാട് സ്വദേശിനി അനു കൊലക്കേസ് തെളിയിച്ച അതേ അന്വേഷണ സംഘമാണ് ഈ കേസിലും പ്രതിയെ കണ്ടെത്തി പിടികൂടിയത്. പേരാമ്പ്ര ഡിവൈഎസ്പിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച അന്വേഷണസംഘം കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ പ്രതിയെ പിടികൂടിയത് കേരള പോലീസിന് തന്നെ അഭിമാനകരമായ നേട്ടമാണ്.
പേരാമ്പ്ര ഇൻസ്പെക്ടർ സന്തോഷ് കുമാർ, പ്രിൻസിപ്പൽ എസ് ഐ വിനോദ്, എസ് ഐ മാരായ ഫിറോസ്, വിനീത് കുമാർ, പ്രദീപ് കുമാർ, സീനിയർ സിവിൽ പോലീസ് ഒഫീസർമാരായ വിനീഷ് ടി, ഷാഫി എൻ എം, മുനീർ ഇ കെ, സിഞ്ചു ദാസ്, ജയേഷ്, രാജേഷ്, റിയാസ്, സുജില തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.