വൈകിട്ട് വരെ ചോദ്യം ചെയ്യല്‍; അറസ്റ്റ് ചെയ്ത മാവോയിസ്റ്റ് പ്രവര്‍ത്തകനെ കോടതിയിലേക്ക് കൊണ്ടു പോയി
കൊയിലാണ്ടി: അറസ്റ്റിലായ മാവോയിസ്റ്റ് പ്രവര്ത്തകന് അനീഷ് ബാബുവിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. തുടര്‍ന്ന് വൈദ്യ പരിശോധനയ്ക്കായി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഇന്നലെ രാത്രി കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്റെ കിഴക്ക് വശത്തെ അരികുളം റോഡില്‍ നിന്നും മാവോയിസ്റ്റിനെതിരെയുള്ള സ്പെഷ്യല്‍ ഓപ്പറേഷന് ഗ്രൂപ്പാണ് ഇയാളെ പിടികൂടിയത്.
വൈദ്യ പരിശോധനയ്ക്ക് ശേഷം സെക്ഷന്‍സ് മൂന്നാം കോടതിയില്‍ ഹാജരാക്കുന്നതിനായി കോഴിക്കോടേക്ക് കൊണ്ടു പോകും. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരായ എസ് പി .കറുപ്പ് സാമി, വടകര ഡി.വൈ എസ് പി ആര്. ഹരിപ്രസാദ്, ക്യൂ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ എന്നിവരാണ് ചോദ്യം ചെയ്തത്. ആഴ്ചകളായി നിരീക്ഷണത്തിനൊടുവിലാണ് ഇയാള്‍ പോലീസ് വലയിലായത്.
വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ആശുപത്രിിക്ക് പുറത്തും അകത്തും തണ്ടര്‍ബോള്‍ട്ടും പോലീസും വന്‍ സുരക്ഷയാണ് ഒരുക്കിയിരുന്നത്. സംഭവമറിഞ്ഞ് മാവോയിസ്റ്റ് പ്രവര്‍ത്തകനെ കാണാന്‍ നിരവധി പേരാണ് പോലീസ് വാഹനത്തിന് സമീപത്തായി എത്തിയത്. സ്റ്റേഷനില്‍ നിന്നും മുഖം മൂടിയിട്ട് കൊണ്ടുവന്ന അനീഷിനെ വൈദ്യ പരിശോധനയ്ക്ക് ശേഷം മുഖം മൂടി അഴിച്ചാണ് പോലീസ് വാഹനത്തിലേക്ക് കൊണ്ടുപോയത്.
മാവോയിസ്റ്റുകള്‍ക്ക് സഹായം ചെയ്യുന്നയാളാണ് ഇയാളെന്നാണ് പ്രാഥമിക വിവരം. ‘കൊറിയര്‍’ എന്നാണ് ഇയാള്‍ മാവോയിസ്റ്റുകള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്. തമിഴ്നാട്ടിലും ഇയാള്‍ക്കെതിരെ സമാന കേസുകളുണ്ടെന്നാണ് വിവരം. തമ്പിയെന്ന പേരിലും ഇയാള്‍ അറിയപ്പെടുന്നുണ്ട്.