പ്രകൃതിദുരന്തങ്ങളില്‍ കേരളത്തിന് ഒപ്പം നിന്ന ‘സൂപ്പർ എഐ’; ഉള്ള്യേരി സ്വദേശിയുടെ നിർമിതബുദ്ധി സ്റ്റാർട്ടപ്പിന് രാജ്യാന്തര കൈയ്യടി
കൊയിലാണ്ടി: ഉള്ള്യേരി സ്വദേശിയുടെ നിർമിതബുദ്ധി സ്റ്റാർട്ടപ്പിന് രാജ്യാന്തര അംഗീകാരം. കുറ്റിക്കാട്ടൂർ എഡബ്ല്യുഎച്ച് എൻജിനീയറിങ് കോളജ് പൂർവവിദ്യാർഥിയായ അരുൺ പെരൂളി ആണ് നാടിന് അഭിമാനമായി മാറിയിരിക്കുന്നത്. ലോകോത്തര എഐ കമ്പനിയായ എൻവീഡിയയുടെ സ്റ്റാർട്ടപ് ഇൻസെപ്ഷൻ പദ്ധതിയിലാണ് അരുണിന്റെ സ്റ്റാര്‍ട്ടപ് ഇടം പിടിച്ചത്.
പ്രകൃതിദുരന്ത സമയങ്ങളിൽ സൈനികർക്കും രക്ഷാപ്രവർത്തകർക്കും സഹായകമാകുന്നതും സ്വയം പ്രവർത്തിക്കുന്നതു നിർമിതബുദ്ധി പ്രോജക്റ്റുകളാണ് അരുണിന്റെ കമ്പനിയായ സൂപ്പർ എഐ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇതിലൂടെ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് എഐ രംഗത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നാണ് അരുണ്‍ പറയുന്നത്. മാത്രമല്ല ഇതിലൂടെ അതിവേഗ ആശയവിനിമയ സംവിധാനം സാധ്യമാക്കുന്നതിനാല്‍ സര്‍ക്കാറിനും, രക്ഷാപ്രവര്‍ത്തന വിഭാഗങ്ങള്‍ക്കും, സന്നദ്ധസംഘടനകള്‍ക്കും എളുപ്പത്തില്‍ ഡാറ്റകള്‍ എടുക്കാനും സാധിക്കും.
മ്യൂസോൺ – സൂപ്പർ – എഐ കമ്പനി സിഇഒ കൂടിയായ അരുണ്‍ കോവിഡ്, പ്രളയ ദുരന്ത സമയങ്ങളില്‍ സ്റ്റാർട്ടപ് പ്രോജക്റ്റുകളിലൂടെ ആശയവിനിമയ സംവിധാനം സുഗമമാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അരുണ്‍ തയ്യാറാക്കിയ ജിഒകെ ഡയറക്ടര്‍ എന്ന മൊബൈല്‍ ആപ്പിന് അന്താരാഷ്ട്ര ബഹുമതിയും
ലഭിച്ചിരുന്നു.
എഐ, ഡാറ്റാ സയന്‍സ് മേഖലകളില്‍ സമാനതകളില്ലാത്ത സാങ്കേതികവിദ്യ വികസിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുന്ന എഐ രംഗത്തെ ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനികളിൽ ഒന്നാണ് എൻവീഡിയ. ലോകത്തിലെ എല്ലാ എഐ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഈ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാന്‍ സാധിക്കും. ഇതില്‍ നിന്നും തിരഞ്ഞെടുക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാത്രമാണ് മെമ്പര്‍ഷിപ്പ് ലഭിക്കുന്നത്.
Description: International recognition for Kozhikode native's startup