ഇഷ്ട വാഹനം കണ്ടാല്‍ ആദ്യം ‘സ്‌കെച്ചിടും’, അവസരം നോക്കി പൊക്കും; വാഹന മോഷണസംഘത്തിലെ മുഖ്യസൂത്രധാരനായ യുവാവ് കോഴിക്കോട് പിടിയില്‍


കോഴിക്കോട്: അന്തര്‍ജില്ലാ വാഹനമോഷണ സംഘത്തിന് മോഷ്ടിക്കേണ്ട വാഹനങ്ങള്‍ സ്കെച്ചിട്ട് വിവരങ്ങള്‍ കൈമാറുകയും, വാഹനങ്ങള്‍ മോഷ്ടിക്കുകും ചെയ്യുന്ന യുവാവ് പിടിയില്‍. മലപ്പുറം പുളിക്കല്‍ സ്വദേശി അജിത് (21) ആണ് പിടിയിലായത്.

അന്തര്‍ജില്ലാ വാഹനമോഷണ സംഘത്തിലെ മഖ്യ ആസൂത്രകനാണ് പിടിയിലായത്. കോഴിക്കോട് ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി.ബിജുരാജിന്‍റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡിന്‍റേയും കസബ പോലീസിന്റെയും സംയുക്ത നീക്കത്തിലാണ് ഇയാലെ അറസ്റ്റ് ചെയ്തത്. നിരവധി മോഷണ കേസുകളില്‍ പ്രതിയാണ് പിടിയിലായ അജിത്തെന്ന് പൊലീസ് അറിയിച്ചു.

കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ആമോസ് മാമ്മന്‍ ഐപിഎസിന്‍റെ നിര്‍ദ്ദേശപ്രകാരം നടന്ന രാത്രികാല പ്രത്യേക വാഹനപരിശോധനയിലാണ് പ്രതിയെ കസബ സബ് ഇന്‍സ്പെക്ടര്‍ എസ്. അഭിഷേകിന്‍റെ നേതൃത്വത്തില്‍ പിടികൂടിയത്. നഗരത്തില്‍ വര്‍ദ്ധിച്ചു വരുന്ന വാഹനമോഷണങ്ങളെകുറിച്ചും സമാനമായ വാഹനമോഷണ സംഘങ്ങളെ കുറിച്ചും സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു. ഇഷ്ടപ്പെട്ട വാഹനം കണ്ടാലുടന്‍ കിലോമീറ്ററുകളോളം വാഹനത്തെ പിന്‍തുടര്‍ന്ന് ഉടമസ്ഥന്‍ കണ്‍വെട്ടത്തുനിന്നും മാറിയാല്‍ നിമിഷങ്ങള്‍ കൊണ്ട് വാഹനം മോഷ്ടിച്ചെടുക്കുന്ന സംഘത്തില്‍ പെട്ടയാളാണ് പിടിയിലായ പുളിക്കല്‍ അജിത്ത്. പെണ്‍ സുഹൃത്തുക്കളുടെ മുന്നില്‍ ഷൈന്‍ ചെയ്യാനാണ് മോഷ്ടിച്ച വാഹനം ഉപയോഗിക്കുന്നത്.

ഇത്തരം വാഹനങ്ങള്‍ മറ്റ് മോഷണങ്ങള്‍ക്കായോ അന്തര്‍ സംസ്ഥാന മയക്കുമരുന്ന് കടത്തിനായോ ഉപയോഗിച്ചിട്ടുണ്ടോ എന്നും കസബ സബ് ഇന്‍സ്പെക്ടര്‍ എസ്. അഭിഷേകിന്‍റെ നേതൃത്വത്തില്‍ അന്വേഷിച്ചു വരികയാണ്. വാഹനം സ്കെച്ച്‌ ചെയ്തശേഷം കൂട്ടാളികളോടൊപ്പമാണ് വാഹനം ലോക്ക് പൊട്ടിച്ചും കള്ളത്താക്കോലിട്ടും കടത്തിക്കൊണ്ടു പോകുന്നത്. വയനാട് വൈത്തിരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന വാഹനമോഷണത്തിനും ഇതോടെ തുമ്ബുണ്ടായി. വൈത്തിരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്ന പള്‍സര്‍ 220 ബൈക്ക്, പന്നിയങ്കരയില്‍ നിന്നും മോഷണം പോയ ഫസീനോ സ്കൂട്ടര്‍ എന്നിവ സിറ്റി ക്രൈം സ്ക്വാഡിന്‍റെ സഹായത്തോടെയാണ് കണ്ടെത്തിയത്.