കൊയിലാണ്ടിയടക്കമുള്ള ജില്ലയിലെ എട്ട് കേന്ദ്രങ്ങളില്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പരിശോധന; 799 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു, സ്ഥാപനങ്ങള്‍ക്ക് 8.25 ലക്ഷം രൂപ പിഴ


കൊയിലാണ്ടി: കൊയിലാണ്ടിയടക്കമുള്ള ജില്ലയിലെ എട്ട് കേന്ദ്രങ്ങളില്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. 799 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. വിവിധ സ്ഥാപനങ്ങള്‍ക്ക് 8.25ലക്ഷം രൂപ പിഴ ചുമത്തി.

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉത്തരവ് പ്രകാരം നിരോധിച്ച ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങളായ ക്യാരി ബാഗുകള്‍, ഗ്ലാസുകള്‍, ഇയര്‍ ബഡുകള്‍, സ്പൂണുകള്‍ എന്നിവയാണ് പിടിച്ചെടുത്തത്. ക്യു ആര്‍ കോഡ് ഇല്ലാത്ത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തു.

കോഴിക്കോട് കോര്‍പ്പറേഷന്‍, പേരാമ്പ്ര, കൊയിലാണ്ടി, ഒളവണ്ണ, വടകര, രാമനാട്ടുകര, പെരുവയല്‍, കുന്നമംഗലം എന്നിവിടങ്ങളിലാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍മാരുടെയും ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍മാരുടെയും നേതൃത്വത്തില്‍ തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥരുടെയും സഹായത്തോടെ പരിശോധന നടത്തിയത്.

കല്യാണമണ്ഡപങ്ങള്‍, ആശുപത്രികള്‍, മാളുകള്‍, വ്യാപാര സമുച്ചയങ്ങള്‍, സ്‌കൂളുകള്‍, വന്‍കിട വ്യാപാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും പരിശോധന നടത്തി. മാലിന്യ സംസ്‌കരണം, സീവെജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് ഉള്‍പ്പെടെയുള്ള മാലിന്യ സംവിധാനങ്ങള്‍ പരിശോധിച്ചു. അപാകതകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. പിഴ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ അടക്കണം. ഒരാഴ്ചക്കകം പിഴ അടച്ചില്ലെങ്കില്‍ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കും.

തുടര്‍പരിശോധനകള്‍ ഉണ്ടാവും. നിലവില്‍ കണ്ടെത്തിയ അപാകതകള്‍ പരിഹരിക്കുന്നതും പിഴ അടക്കുന്നതും ജില്ലാതലത്തില്‍ മോണിറ്റര്‍ ചെയ്ത് തുടര്‍നടപടി സ്വീകരിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ പി.എസ് ഷിനോ അറിയിച്ചു. വ്യാപാരികള്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുമ്പോള്‍ ക്യു ആര്‍ കോഡ് ഉണ്ടെന്ന് ഉറപ്പുവരുത്തി സര്‍ട്ടിഫിക്കേഷന്‍ ബോധ്യപ്പെടുത്തണമെന്നും അറിയിച്ചു.

പരിശോധനയ്ക്ക് പൂജ ലാല്‍, ഗൗതം, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ജോര്‍ജ് ജോസഫ്, സരുണ്‍ ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍മാരായ എ രാജേഷ്, പി ചന്ദ്രന്‍, എ എന്‍ അഭിലാഷ്, ടി ഷാഹുല്‍ ഹമീദ് എന്നിവര്‍ നേതൃത്വം നല്‍കി.