അജൈവ മാലിന്യ ശേഖരണം ഇനി എളുപ്പത്തില്‍; ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പുമായി ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്
ചേമഞ്ചേരി: വീടുകളിലെ അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പുമായി ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് രംഗത്ത്. വീടുകളില്‍ ക്യൂ ആര് കോഡ് പതിപ്പിക്കലിന്റെയും വിവര ശേഖരണത്തിന്റെയും പഞ്ചായത്ത് തല ഉദ്ഘാടനം ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ നിര്‍വഹിച്ചു.
വീടുകളിലും സ്ഥാപനങ്ങളിലും നിന്നും ശേഖരിക്കുന്ന അജൈവ മാലിന്യങ്ങളുടെ അളവ്, ഇനം, കൈമാറുന്ന തീയതി എന്നീ വിവരങ്ങള്‍ ക്യൂ ആര് കോഡ് സംവിധാനത്തിലൂടെ മനസ്സിലാക്കുന്നതിനായാണ് പദ്ധതി രൂപീകരിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും ഹരിത കര്‍മ്മ സേന അംഗങ്ങള്‍ ക്യൂ ആര് കോഡ് പതിപ്പിക്കും.
അജൈവ മാലിന്യങ്ങളുടെ ശേഖരണ പ്രക്രിയ ഊര്‍ജ്ജിതമാക്കാനും മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും വേണ്ടി ശുചിത്വ മിഷനും ഹരിത കേരളം മിഷനും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
ചടങ്ങില്‍ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അതുല്യ ബൈജു അധ്യക്ഷത വഹിച്ചു. വി.ഇ.ഒ സിജിന്‍ പദ്ധതി വിശദീകരിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് അബ്ദുള്‍ ഹാരിസ്, വാര്‍ഡ് മെമ്പര്‍മാരായ വിജയന് കണ്ണഞ്ചേരി, സുധ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ടി അനില്‍കുമാര്‍ സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വന്ദന നന്ദിയും പറഞ്ഞു.