മരംമുറിക്കുന്നതിനിടെ മരക്കൊമ്പ് തെറിച്ച് വീണ് പരിക്കേറ്റു; ചേലിയ സ്വദേശിയായ വയോധികന് ദാരുണാന്ത്യം


കൊയിലാണ്ടി: മരംമുറിക്കുന്നതിനിടെ മരക്കൊമ്പ് തെറിച്ച് വീണ് പരിക്കേറ്റ ചേലിയ സ്വദേശിയായ വയോധികന്‍ മരിച്ചു. കൊളാരക്കണ്ടി ശിവദാസന്‍ ആണ് മരിച്ചത്. അറുപത്തിമൂന്ന് വയസായിരുന്നു.

ഇന്ന് രാവിലെയായിരുന്നു സംഭവം. തെങ്ങ് കയറ്റ തൊഴിലാളിയായ ശിവദാസന്‍ സുഹൃത്തിന്റെ സഹായിയായി മരംമുറിക്കല്‍ ജോലിയ്ക്കായി പോയതായിരുന്നു. കയര്‍ പിടിച്ച് വലിക്കുന്നതിനിടെ ഒരു മരക്കൊമ്പ് തെറിച്ചുവന്ന് മുഖത്തേക്ക് അടിക്കുകയായിരുന്നു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ചേലിയയിലെ വീട്ടില്‍ സംസ്‌കരിക്കും.

ഭാര്യ: സുധ. മക്കള്‍: ശിബി ലാല്‍ (ദുബൈ), ചിത്ര, ശില്പ (വിദ്യാര്‍ഥിനി). മരുമകന്‍: ജിതിന്‍ രാജ് (മിലിട്ടറി സര്‍വ്വീസ് പഞ്ചാബ്). സഹോദരന്മാര്‍: നാരായണന്‍, പരേതരായ ശിവരാമന്‍, ബാലന്‍.