ഉക്രൈനിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു; മരണമടഞ്ഞത് കർണാടക സ്വദേശി നവീൻ


 

കീവ്: ഉക്രൈനിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റു മരിച്ചു. കാര്‍ഖീവിലുണ്ടായ ഷെല്ലാക്രമണത്തിലാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥിയായ നവീന്‍ കൊല്ലപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 21കാരനായ നവീന്‍ കര്‍ണാടകയിലെ ഹാവേരി സ്വദേശിയാണ്. യുക്രൈനില്‍ നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ് നവീന്‍. മരണം വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. നവീന്റെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി അറിയിച്ചു.

ഖർഖീവിൽ നിന്നും പോളണ്ട് അതിർത്തിക്ക് അടുത്തുള്ള ലിവീവിലേക്കുള്ള ട്രെയിനിൽ കേറാനായി ഷെൽട്ടറിൽ നിന്നും പുറത്ത് ഇറങ്ങിയപ്പോൾ ആണ് നവീന് നേരെ ഷെൽ ആക്രമണം ഉണ്ടായത് എന്നാണ് വിവരം. റഷ്യൻ ആക്രമണത്തിൽ ഒരു ഇസ്രയേലി പൗരനും ഇന്നലെ കൊല്ലപ്പെട്ടിരുന്നു.

ഇന്ന് രാവിലെ ഖാർകിവിൽ ഷെല്ലാക്രമണത്തിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥിക്ക് ജീവൻ നഷ്ടപ്പെട്ടുവെന്ന് അഗാധമായ ദുഃഖത്തോടെ ഞങ്ങൾ സ്ഥിരീകരിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബവുമായി മന്ത്രാലയം ബന്ധപ്പെട്ടുവരികയാണ്. കുടുംബത്തോട് ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു – ഇന്ത്യൻ വിദേശകാര്യവക്താവ് രണ്ടരയോടെയാണ് ട്വിറ്ററിൽ കുറിച്ചത്.