കീഴരിയൂര്‍ ബോംബ് കേസ് സ്മാരക മന്ദിരം തുറന്നില്ലെങ്കില്‍ അനിശ്ചിതകാല സമരം ആരംഭിക്കും ; അഡ്വ.കെ.പ്രവീണ്‍ കുമാര്‍


കീഴരിയൂര്‍: സ്വാതന്ത്ര്യ സമരത്തിലെ ഉജ്ജ്വല സംഭവമായ ക്വിറ്റ് ഇന്ത്യാ സമരവുമായി ബന്ധപ്പെട്ട കീഴരിയൂര്‍ ബോംബ് കേസ് സ്മാരക മന്ദിരം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തില്ലെങ്കില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിയുടെ പിന്തുണയോടെ മന്ദിരത്തിനു മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ഡി.സി.സി പ്രസിഡണ്ട് അഡ്വ.കെ.പ്രവീണ്‍ കുമാര്‍ പ്രഖ്യാപിച്ചു.

2014ല്‍ വടകര എം.പി മുല്ലപ്പള്ളി രാമചന്ദ്രന്റെ ആസ്ഥി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 20 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിര്‍മിച്ചത്. 2018ല്‍ മുകള്‍ നിലയുടെ നിര്‍മാണ പ്രവര്‍ത്തനത്തിനിടെ കമ്യൂണിറ്റി ഹാള്‍ മ്യൂസിയാമാക്കി മാറ്റാന്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചതോടെയാണ് തര്‍ക്കം ഉടലെടുത്തത്. പൊതു പണം ഉപയോഗിച്ച് നിര്‍മിച്ച സ്മാരക മന്ദിരം ആറു വര്‍ഷമായി രാഷ്ട്രീയ താല്പര്യത്തിന്റെ പേരില്‍ അടച്ചിട്ടത് സ്വാതന്ത്ര്യ സമര സേനാനികളോടും അവരുടെ കുടുംബത്തോടും കാണിക്കുന്ന അനാദരവാണെന്ന് അദ്ദേഹം പറഞ്ഞു.

കീഴരിയൂര്‍ ബോംബ് കേസ് സ്മാരക മന്ദിരത്തിന് മുന്നില്‍ നടന്ന ക്വിറ്റിന്ത്യാ സമരസ്മൃതിയും പ്രതിഷേധ കൂട്ടായ്മയും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ഇടത്തില്‍ ശിവന്‍ അധ്യക്ഷത വഹിച്ചു.

കെ.പി.സി.സി അംഗം സി.വി ബാലകഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി സെക്രട്ടറി രാജേഷ് കീഴരിയൂര്‍, പഞ്ചായത്ത് മെമ്പര്‍മാരായ കെ.സി.രാജന്‍, ഇ.എം.മനോജ്, കോണ്‍ഗ്രസ് നേതാക്കളായ ടി.കെ.ഗോപാലന്‍, കുറുമയില്‍ ബാബു, കെ.കെ.ദാസന്‍, ബി.ഉണ്ണികൃഷ്ണന്‍, ഇ.രാമചന്ദ്രന്‍, ജി.പി.പ്രീജിത്ത്, ശശി പാറോളി, രജിത കെ.വി, ചുക്കോത്ത് ബാലന്‍ നായര്‍, പി.കെ.ഗോവിന്ദന്‍േ, ഒ.കെ കുമാരന്‍, കെ.പി.സുലോചന, എം.എം.രമേശന്‍, സവിത എന്‍.എം, ജലജ.കെ എന്നിവര്‍ പ്രസംഗിച്ചു.