കൊയിലാണ്ടി നഗരസഭയിലെ വാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിച്ചു; 46 വാര്‍ഡുകളാക്കി ഉയര്‍ത്തിയതായി കരട് വിജ്ഞാപനം പുറത്തിറക്കി
കൊയിലാണ്ടി: കൊയിലാണ്ടി മുനിസിപ്പല്‍ കൗണ്‍സിലിലെ നേരിട്ടുള്ള തെരഞ്ഞെടുപ്പിലൂടെ വാര്‍ഡുകളുടെ എണ്ണം 44 ല്‍ നിന്നും 46 ആയി നിശ്ചയിച്ചതിയായി കരട് നിര്‍ദേശങ്ങള്‍ പുറത്തിറക്കി. പുതുതായി കുറുവങ്ങാട് സെന്‍ട്രല്‍ 19 ആം വാര്‍ഡ്, കൊയിലാണ്ടി നോര്‍ത്ത് (41 ) ആം വാര്‍ഡ് എന്നിങ്ങനെയാണ് തിരിച്ചത്.
കരട് നിര്‍ദേശത്തിന്റെ പൂര്‍ണ്ണ രൂപം
2024 സെപ്റ്റംബര്‍ 11 ലെ 2920-ാം നമ്പര്‍ അസാധാരണ ഗസറ്റില്‍ എസ്.ആര്.ഒ. നമ്പര്‍ 813/2024 ആയി പ്രസിദ്ധപ്പെടുത്തിയ 10.09.2024 ലെ k.D.(അച്ചടി) നം.49/2024/ത.സ്വ.ഭ.വ നമ്പര്‍ വിജ്ഞാപന പ്രകാരം കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി മുനിസിപ്പല്‍ കൗണ്‍സിലിലെ നേരിട്ടുള്ള തെരഞ്ഞെടുപ്പിലൂടെ നികത്തേണ്ടതായ സ്ഥാനങ്ങളുടെ എണ്ണം 46 ആയി നിശ്ചയിച്ചിട്ടുള്ളതിനാല്‍, പ്രസ്തുത മുനിസിപ്പാലിറ്റിയെ അത്രയും വാര്‍ഡുകളായി വിഭജിക്കുന്നതിനും അവയുടെ അതിര്‍ത്തികള്‍ നിര്‍ണ്ണയിക്കുന്നതിനുമുള്ള കരട് നിര്‍ദ്ദേശങ്ങള്‍ അനുബന്ധമായി ചേര്‍ത്തിട്ടുള്ള പട്ടികയില്‍ പറഞ്ഞിട്ടുള്ള പ്രകാരം 1994 ലെ കേരള മുനിസിപ്പാലിറ്റി ആക്ടിലെ 69-ാം വകുപ്പ് അനുശാസിക്കും പ്രകാരം ഇതിനാല്‍ വിജ്ഞാപനം ചെയ്യുന്നു.
പ്രസ്തുത നിര്‍ദ്ദേശങ്ങളെ സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഉണ്ടെങ്കില്‍ ആയത് 2024 ഡിസംബര്‍ 3-ാം തീയതിയിലോ അതിനു മുമ്പോ ഡീലിമിറ്റേഷന്‍ കമ്മീഷന് സെക്രട്ടറി മുമ്പാകെയോ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് മുമ്പാകെയോ നേരിട്ടോ രജിസ്റ്റര്‍ ചെയ്ത തപാല്‍ മുഖേനയോ സമര്‍പ്പിക്കേണ്ടതാണ്. അപ്രകാരം നല്കുന്നവയോടൊപ്പം എന്തെങ്കിലും രേഖകള്‍ നല്കാന് ആഗ്രഹിക്കുന്നുവെങ്കില്‍ അപ്രകാരമുള്ള രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും നല്‍കേണ്ടതാണ്.
ആക്ഷേപങ്ങളും അഭിപ്രായങ്ങളും അന്വേഷിക്കുന്നതും യുക്തമെന്നു കാണുന്ന പക്ഷം നിശ്ചയിച്ച് പ്രസിദ്ധപ്പെടുത്തുന്ന സമയത്തും സ്ഥലത്തും വച്ച് പരാതിക്കാരെ ഡീലിമിറ്റേഷന്‍ കമ്മീഷന് നേരിട്ട് കേള്‍ക്കുന്നതുമാണ്. തല്‍സമയം പരാതിക്കാര്‍ നേരിട്ട് ഹാജരാകേണ്ടതാണ്.
Summary: Increased number of wards in Koyilandy Municipality; The draft notification has been released that it has been increased to 46 wards.