കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ ഭണ്ഡാരം എണ്ണുന്നതിനിടയില്‍ പണം മോഷ്ടിച്ച സംഭവം; ആരോപണ വിധേയായ ജീവനക്കാരിയെ പിരിച്ചുവിട്ടു
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ ഭണ്ഡാരം എണ്ണുന്നതിനിടയില്‍ ക്ഷേത്രജീവനക്കാരി പണം മോഷ്ടിച്ച സംഭവത്തില്‍ ആരോപണ വിധേയയായ ജീവനക്കാരിയെ പിരിച്ചുവിട്ടു. ട്രസ്റ്റി ബോര്‍ഡ് ഏറ്റവുമൊടുവിലായി ചുമതലപ്പെടുത്തിയ അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവരെ പിരിച്ചുവിട്ടതായി കൊല്ലം പിഷാരികാവ് ക്ഷേത്ര എക്‌സിക്യുട്ടീവ് ഓഫീസര്‍ ജഗദീഷ് പ്രസാദ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.
2021 മാര്‍ച്ച് പതിനെട്ടിനാണ് ക്ഷേത്രത്തിലെ ഭണ്ഡാരം എണ്ണുന്നതിനിടെ ജീവനക്കാരി പണം മോഷ്ടിച്ചതായി എക്സിക്യുട്ടീവ് ഓഫീസര്‍ക്ക് രേഖാമൂലം പരാതി ലഭിക്കുന്നത്. സംഭവത്തിന് ദൃക്സാക്ഷികളായ ജീവനക്കാര്‍ ഇത് സംബന്ധിച്ച് മൊഴി നല്‍കുകയും ചെയ്തിരുന്നു.
ഇതോടെ രണ്ടുദിവസത്തിനുശേഷം ആരോപണവിധേയയായ ജീവനക്കാരിയെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തിരുന്നു. എക്സിക്യുട്ടീവ് ഓഫീസര്‍ക്ക് പരാതി ലഭിച്ചതിനു പിന്നാലെ ക്ഷേത്രത്തിലെ ട്രസ്റ്റി ബോര്‍ഡ് ഒരു അന്വേഷണ കമ്മീഷനെ ചുമതലപ്പെടുത്തുകയും ഇക്കാര്യം പരിശോധിക്കുകയും ചെയ്തിരുന്നു. സാഹചര്യ തെളിവുകളും സാക്ഷിമൊഴികളും ആരോപണം ശരിവെക്കുന്നതാണെന്ന തരത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
സംഭവത്തിന് സാക്ഷിയായ മൂന്നുപേരുടെ മൊഴിയും ആരോണപണ വിധേയയായ ജീവനക്കാരിയ്ക്ക് എതിരായിരുന്നു. ഈ മൊഴി ശരിവെക്കുന്നതായിരുന്നു സി.സി.ടി.വി ദൃശ്യങ്ങളും. ഇതിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാരിയ്‌ക്കെതിരെ റിപ്പോര്‍ട്ട് വന്നത്.
അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ട്രസ്റ്റി ബോര്‍ഡിലെ ഒരംഗം ഒഴികെ മറ്റെല്ലാവരും ജീവനക്കാരിയ്ക്കെതിരെ നടപടിയെടുക്കണമെന്ന നിലപാടിലായിരുന്നു. ഇത് സംബന്ധിച്ച് ഒരു ലീഗല്‍ ഒപ്പീനിയന്‍ നേടാനായി അഭിഭാഷക കമ്മീഷനെ നിയമിക്കുകയും ഈ കമ്മീഷന്‍ ജീവനക്കാരിക്ക് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. അന്ന് ഇത് ആരോപണ വിധേയയായ ജീവനക്കാരിയെ സംരക്ഷിക്കാന്‍ വേണ്ടിയാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.
ഇതിന് പിന്നാലെയാണ് ട്രസ്റ്റി ബോര്‍ഡ് വീണ്ടും അന്വേഷണ കമ്മീഷനെ നിയമിച്ച് വിഷയം പരിശോധിച്ചത്. ജീവനക്കാരിയ്ക്കെതിരെ മൊഴി നല്‍കിയവര്‍ മൊഴികളില്‍ ഉറച്ചുനില്‍ക്കുകയും ആ മൊഴികളുടെയും സി.സി.ടി.വി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ ജീവനക്കാരിയെ കുറ്റക്കാരിയായി കണ്ടെത്തുകയുമായിരുന്നു