വടകരയ്ക്കും മാഹിയ്ക്കും ഇടയിൽ റെയിൽവേയുടെ സിഗ്നൽ കേബിൾ മുറിച്ചുമാറ്റിയ സംഭവം; രണ്ടുപേർ അറസ്റ്റിൽ
വടകര: വടകരയ്ക്കും മാഹിയ്ക്കും ഇടയിൽ പൂവാടൻഗേറ്റിനു സമീപം റെയിൽവേയുടെ സിഗ്നല്‍ കേബിള്‍ മുറിച്ചുമാറ്റിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ആസാം സ്വദേശികളായ മനോവർ അലി, അബ്ബാസ് അലി എന്നിവരെയാണ് ആർ.പി.എഫിന്റെ സ്പെഷ്യല്‍ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. ഇവരെ ഇന്ന് കോടതയില്‍ ഹാജരാക്കും.
വെളളിയാഴ്ച ആറുമണിയോടെയാണ് വടകരയ്ക്കും മാഹിക്കും ഇടയില്‍ സിഗ്നല്‍ സംവിധാനം പ്രവര്‍ത്തിക്കുന്നില്ലെന്ന വിവരം റെയില്‍വേക്ക് ലഭിക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കേബിള്‍ മുറിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് റെയില്‍വേയുടെ സിഗ്നല്‍ വിഭാഗം സ്ഥലത്തെത്തി പത്തുമണിയോടെ കേബിള്‍ യോജിപ്പിച്ച് പ്രശ്നം പരിഹരിച്ചു. സിഗ്നൽ ലഭിക്കാതായതോടെ ഷൊർണ്ണൂർ ഭാഗത്തേക്കും മംഗലാപുരം ഭാഗത്തേക്കും പോകേണ്ടയിരുന്ന ഏഴു ട്രെയിനുകള്‍ പല സ്റ്റേഷനുകളിലും നിർത്തിയിട്ടതിനാൽ ഇന്നലെ വൈകിയാണ് സർവ്വീസ് നടത്തിയത്.
സംഭവത്തിൽ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ രണ്ട് പേരെയും റെയിൽവെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. പ്രതികള്‍ കേബിള്‍ മുറിച്ചത് മോഷ്ടിച്ച് കടത്താനായിരുന്നുവെന്ന് ആര്.പി.എഫ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇൻസ്പെക്ടർ ഉപേന്ദ്രൻ, സബ് ഇൻസ്പെക്ടർ ധന്യ പി.എം, അസി.സബ്ബ് ഇൻസ്പെക്ടർ ദിനേശ് തുടങ്ങിയവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.