കൊയിലാണ്ടിക്കാരനായ യാത്രക്കാരനോട് മോശമായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്ത സംഭവം; സ്വകാര്യ ബസ് കണ്ടക്ടറിന് താക്കീത്
കോഴിക്കോട്: യാത്രക്കാരനോട് മോശമായി പെരുമാറിയ സ്വകാര്യ ബസ് കണ്ടക്ടറെ റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ വിളിച്ചുവരുത്തി താക്കീത് ചെയ്തു. കഴിഞ്ഞ മാര്‍ച്ച് എട്ടിന് കണ്ണൂര്‍-കോഴിക്കോട് റൂട്ടില്‍ ഓടുന്ന കെ.എല്‍ 56 ക്യു 8334 നമ്ബര്‍ ശ്രീമുരുകന് ബസില്‍ യാത്രചെയ്ത എരഞ്ഞിക്കല്‍ ബാപ്പയില്‍ കിരണ്‍ ബാബു നല്കിയ പരാതിയിലാണ് നടപടി.
കൊയിലാണ്ടിക്ക് പാവങ്ങാട്ടുനിന്ന് കയറിയ യാത്രക്കാരന് വണ്ടിയില്‍ അനുവദനീയമായതിലുമധികം ആളെ കുത്തിനിറച്ചതിനെപ്പറ്റി പറഞ്ഞപ്പോള്‍ ‘താന്‍ കാറ് വിളിച്ച് പോയിക്കോളൂ’വെന്ന് പറഞ്ഞ് കൊടുത്ത പണം ബലമായി പോക്കറ്റിലിട്ട് വണ്ടിയില്‍നിന്ന് പിടിച്ചിറക്കാന്‍ ശ്രമിച്ച് അപമാനിച്ചുവെന്നാണ് പരാതി. അസഭ്യവര്‍ഷവും നടത്തി. ബസിലെ പരാതിബുക്കിനെപ്പറ്റി ചോദിച്ചപ്പോള്‍ പരാതിബുക്കില്ലെന്നും എവിടെ വേണമെങ്കിലും പരാതി കൊടുത്തോയെന്ന് കളിയാക്കുകയും ചെയ്തു.
ഇത്തരം പെരുമാറ്റം ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നിരീക്ഷണം നടത്തുമെന്നും പെര്‍മിറ്റ് ചട്ടങ്ങള്‍ പാലിച്ച് വണ്ടിയോടിക്കാന്‍ ബസുടമക്ക് ശക്തമായ നിര്‍ദേശം നല്‍കിയെന്നും കോഴിക്കോട് ആര്.ടി.ഒ പരാതിക്കാരനായ യാത്രക്കാരനെ അറിയിച്ചു.
കണ്ടക്ടര്‍ നല്കിയ ടിക്കറ്റ് പരിശോധിച്ചതില്‍ 2009 നവംബര്‍ 26 എന്ന് തെറ്റായി രേഖപ്പെടുത്തിയതായും കണ്ടു. പെര്‍മിറ്റിനു വിരുദ്ധമായ ഇത്തരം നടപടികള്‍ ചൂണ്ടിക്കാട്ടി നല്കിയ പരാതിയിലാണ് നടപടി. കണ്ടക്ടറുടെ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് നടപടിയെന്ന് ആര്.ടി.ഒ യാത്രക്കാരന് നല്കിയ അറിയിപ്പില്‍ പറയുന്നു.