30 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മാണം; കൊയിലാണ്ടി നഗരസഭ വഴിയോര കച്ചവട കേന്ദ്രത്തിന്റേയും ഓപ്പണ്‍ സ്റ്റേജിന്റേയും ഉദ്ഘാടനം 14 ന്
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ വഴിയോര കച്ചവട കേന്ദ്രത്തിന്റെയും ഓപ്പണ്‍ സ്റ്റേജിന്റെയും ഉദ്ഘാടനം 14 ന് നടക്കും.
വഴിയോര കച്ചവട കേന്ദ്രത്തിന്റെയും (സ്ട്രീറ്റ് വെന്റിഗ് മാര്‍ക്കറ്റ്) ഓപ്പണ്‍ സ്റ്റേജിന്റെയും ഉദ്ഘാടനം 14 ന് വൈകിട്ട് മൂന്ന് മണിക്ക് തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ് നിര്‍വഹിക്കും. ചടങ്ങില്‍ കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അധ്യക്ഷത വഹിക്കും .
15 വര്‍ഷത്തിലേറെയായി കൊയിലാണ്ടി നഗരസഭ ബസ് സ്റ്റാന്‍സ്റ്റിലെ ഫുട്പാത്തിലും പരിസരത്തും കച്ചവടം ചെയ്തിരുന്ന നാല്പതോളം വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിനായാണ് നഗരഹൃദയ ഭാഗമായ ബസ് സ്റ്റാന്റിനു സമീപത്തായി കൊയിലാണ്ടി നഗരസഭ വഴിയോര കച്ചവട കേന്ദ്രം ഒരുക്കിയിരിക്കുന്നത്.
നഗരത്തിലെ വഴിയോര കച്ചവടക്കാരുടെ ജീവനോപാധി സംരക്ഷിക്കുക ക്ഷേമം ഉറപ്പുവരുത്തുക എന്നീ ലക്ഷ്യത്തോടെയാണ് പുനരുദ്ധീകരിച്ചത്. കുടുംബശ്രീ എന്‍.യു.എല്‍.എം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അനുവദിച്ച 30 ലക്ഷം രൂപ ചെലവഴിച്ചാണ് വഴിയോര കച്ചവട കേന്ദ്രം ഒരുക്കിയിരിക്കുന്നത്. കൂടാതെ 8 ലക്ഷം രൂപ നഗരസഭാ ഫണ്ട് ഉപയോഗപ്പെടുത്തി ടൈല്‍ വിരിച്ച് ഹാന്റ് റയില്‍ വച്ച് വഴിയോര കച്ചവട കേന്ദ്രം സൗന്ദര്യവല്‍ക്കരിച്ചിരിക്കയാണ്.
തീര്‍ത്തുംഅസംഘടിതമായ രീതിയില്‍ കച്ചവടം ചെയ്തിരുന്ന കച്ചവടക്കാരെ വഴിയോര കച്ചവട നിയമത്തിന്റെ പരിധിയില്‍ നിന്ന് കൊണ്ട് ക്രമീകരിച്ച് അവരെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യമാണ് നഗരസഭ പൂര്‍ത്തീകരിച്ചത്.
ഈ കച്ചവടക്കാര്‍ നിലവില്‍ കച്ചവടം ചെയ്യുന്ന സ്ഥലം തന്നെ പുനരധിവാസത്തിനായി തിരഞ്ഞെടുക്കുകയായിരുന്നു.
കൂടാതെ നഗരസഭയില്‍ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക പരിപാടികള്‍ക്കായി പൊതു ഇടം ഒരുക്കുക എന്ന ലക്ഷ്യം വച്ചു കൊണ്ട് 12 ലക്ഷം രൂപ ചെലവില്‍ ഓപ്പണ്‍ സ്റ്റേജും നിര്‍മ്മിച്ചിട്ടുണ്ട്.