87 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മാണം; ചേമഞ്ചേരി ഹംസ കുളങ്ങര മേലേടത്ത് ശിവക്ഷേത്രത്തിലെ തീര്‍ത്ഥകുളം നാടിന് സമർപ്പിച്ചു
കൊയിലാണ്ടി: മത മൈത്രിയ്ക്ക് പേര് കേട്ട ഹംസകുളങ്ങര മേലേടത്ത് ശിവക്ഷേത്രത്തിലെ തീര്‍ത്ഥകുളം നാടിന് സമർപ്പിച്ചു. ക്ഷേത്രം മേല്‍ശാന്തി മരങ്ങാട്ടില്ലത്ത് വിഷ്ണു നമ്പൂതിരി ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സുനില്‍ തിരുവങ്ങൂരിന്റെ പ്രാര്‍ത്ഥനയോടെയാണ് തീര്‍ത്ഥകുള സമര്‍പ്പണ ചടങ്ങ് ആരംഭിച്ചത്.
ഉത്സവകാലങ്ങളില്‍ ക്ഷേത്രത്തിന് തൊട്ടടുത്തുള്ള മസ്ജിദിന്റെ മതില് പൊളിച്ച് ക്ഷേത്രത്തിന് വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി നല്‍കാറുണ്ട്. ഏകദേശം 87 ലക്ഷം രൂപ ചിലവഴിച്ച് ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് കുളം നിര്‍മ്മിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ ഗുരു പുജ അവാര്‍ഡ് ജേതാവ് ശിവദാസ് ചേമഞ്ചേരി, യു.എല്‍.സി.സി.എസ് മാനേജര്‍ രാജീവന് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ്, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ എന്നിവര്‍ മുഖ്യാതിഥികളായി. സജിത്ത്കുമാര്‍ ഉദയപുരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബദര്‍ ജുമാമസ്ജിദ് പ്രസിഡണ്ട് ജ: കാദര്‍ഹാജി ബിസ്മി, തിരുവങ്ങൂര്‍ നരസിംഹ പാര്‍ത്ഥസാരഥി ക്ഷേത്രം സെക്രട്ടറി എ.കെ സുനില്‍കുമാര്‍, പള്ളിയറ ശ്രീ ഭഗവതി ക്ഷേത്രം പ്രസിഡണ്ട് മൊടവനക്കണ്ടി ബാലന്, അക്കര കുറുമ്പാ ഭഗവതി ക്ഷേത്രം ഭാരവാഹി പി.പി ഉദയഘോഷ്, മസ്ജിദുല്‍ ഇസ്വ്ലാഹ് സെക്രട്ടറി ടി.ടി മൊയ്തീന്‍കോയ, അഴീക്കല്‍ ഭഗവതി ക്ഷേത്രം സെക്രട്ടറി എ.ടി സജിത്ത്, വെങ്ങളം ഭഗവതി ക്ഷേത്രം ഭാരവാഹി ജിജോയ് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. തീര്‍ത്ഥകുളം നിര്‍മ്മാണ കമ്മറ്റി വൈസ് ചെയര്മാന് ടി.വി ചന്ദ്രഹാസന്‍ നന്ദി പ്രകടനം നടത്തി. ഉച്ചക്ക് 12 മണി മുതല്‍ 2 മണി വരെ പ്രസാദ ഊട്ടും നടന്നു.