കൊയിലാണ്ടി മത്സ്യബന്ധന തുറമുഖം വികസന കുതിപ്പിലേക്ക്; പി.എം.എം.എസ്.വൈ പദ്ധതികളുടെ നിര്‍മ്മാണ ഉദ്ഘാടനം നാളെ


കൊയിലാണ്ടി: കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ പങ്കാളിത്തതോടെ പി.എം.എം.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കൊയിലാണ്ടി മത്സ്യബന്ധന തുഖമുറത്തിന്റെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ ഓണ്‍ലൈന്‍ ഉദ്ഘാടനം നാളെ 1മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വ്വഹിക്കും. കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി രാജീവ് രഞ്ജന്‍ സിംഗ്, കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ ക്ഷീരവികസന സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.

തുടര്‍ന്ന് ഹാര്‍ബറില്‍ സജ്ജമാക്കിയ വേദിയില്‍ കേരള മത്സ്യബന്ധന സാംസ്‌കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കും. വടകര എം.പി ഷാഫി പറമ്പില്‍, കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല എന്നിവര്‍ മുഖ്യാത്ഥികളായിരിക്കും. കൊയിലാണ്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട്, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ്, കൊയിലാണ്ടി മുന്‍ എംഎല്‍എമാരായ പി.വിശ്വന്‍, കെ.ദാസന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉദ്ഘാടന ചടങ്ങിന് ശേഷം പ്രദേശികതല യോഗം നടക്കും.

പി.എം.എം.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 60% കേന്ദ്രസഹായത്തോടെ കൊയിലാണ്ടി മത്സ്യബന്ധനതുറമുഖത്തിലെ രണ്ടാംഘട്ട വികസനപദ്ധതിയിലെ വിവിധ ഘടകങ്ങളുടെ നിര്‍മാണത്തിനും നവീകരണത്തിനും 20.90 കോടി രൂപയും, ഡ്രഡ്ജിംഗ് പ്രവൃത്തികള്‍ക്കായി 5.88 കോടി രൂപയും ഭരണാനുമതി ലഭിച്ചിരുന്നു. ഈ പദ്ധതി പൂര്‍ത്തിയാകുന്നതോടെ കൊയിലാണ്ടി ഹാര്‍ബറിന്റെ മുഖച്ഛായ തന്നെ മാറും.

Description: inauguration of development works of Koyilandy Fishing harbor tomorrow