തീരദേശ മേഖലയിലെ 4575 കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമത്തിന് ഒടുവില്‍ പരിഹാരം; പയ്യോളിയില്‍ കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തി ഉദ്ഘാടനം


കൊയിലാണ്ടി: പയ്യോളി തീരദേശ മേഖലയിലെ 4575 കുടുംബങ്ങളുടെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുന്നു. കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തി ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. പയ്യോളി ടെക്നിക്കല്‍ ഹൈസ്‌ക്കൂള്‍ പരിസരത്ത് നടന്ന ചടങ്ങില്‍ എം.എല്‍.എ കാനത്തില്‍ ജമീല അധ്യക്ഷത വഹിച്ചു.

ജലവിഭവ വകുപ്പ് മുഖേന സംസ്ഥാന സര്‍ക്കാര്‍ 41 കോടി രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി 14.5 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കാണ് പയ്യോളി ടെക്‌നിക്കല്‍ ഹൈസ്‌കൂളിന്റെ സ്ഥലത്ത് നിര്‍മ്മിക്കുന്നത്. 2024 ഡിസംബറോടെ പദ്ധതി പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കാനാണ് തീരുമാനം.

തീരദേശ മേഖലയില്‍ ആവിക്കല്‍ മുതല്‍ കോട്ടക്കല്‍ വരെയുള്ള പയ്യോളി നഗരസഭയിലെ കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കുന്നതാണ് പദ്ധതി. ശുദ്ധജലത്തിന് കൊടിയ ക്ഷാമം നേരിടുന്ന കടലോര മേഖലയിലെ ജനങ്ങള്‍ക്ക് അവരുടെ ഏക പ്രതീക്ഷയാണ് ഈ പദ്ധതി. കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പുല്‍ക്കൊടിക്കൂട്ടം എന്ന സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ നിരവധി സ്ത്രീകള്‍ സമരം ചെയ്തിരുന്നു. കൂടാതെ കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല, പയ്യോളി നഗരസഭാ ചെയര്‍മാന്‍ ഷഫീക്ക് വടക്കയില്‍ തുടങ്ങിയവ ജനപ്രതിനിധികളും പ്രശ്ന പരിഹാരത്തിനായി നിരന്തരമായി ഇടപെടലുകള്‍ നടത്തിയിരുന്നു.

മുന്‍ എംഎല്‍എ എ.കെ ദാസന്‍, നഗരസഭ അധ്യക്ഷന്‍ വി.കെ അബ്ദുറഹ്‌മാന്‍, ഉപാധ്യക്ഷ എ.പി പത്മശ്രീ, സമിതി അധ്യക്ഷരായ പിഎം ഹരിദാസന്‍, സുജല ചെത്തില്‍, കെ.ടി വിനോദന്‍, വാട്ടര്‍ അതോറിറ്റി ജോയിന്റ് മാനേജിങ് ഡയറക്ടര്‍ ദിനേശന്‍ ചെറുവലത്ത്, വാട്ടര്‍ അതോറിറ്റി ബോര്‍ഡ് മെമ്പര്‍ അഡ്വ. ജോസ് ജോസഫ്, മുന്‍ നഗരസഭാധ്യക്ഷരായ ഷഫീഖ് വടക്കയില്‍, വി.ടി ഉഷ, സ്വാഗത സംഘം കണ്‍വീനര്‍ കെ.സി ബാബുരാജ് എന്നിവര്‍ സംസാരിച്ചു.