‘ദേശീയപാതാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട അപാകതകള്‍ പരിഹരിക്കുക, താലൂക്കാശുപത്രിയില്‍ കാര്‍ഡിയോളജി, നെഫ്രോളജി അടക്കം സ്ഥാപിച്ച് ജില്ലാ നിലവാരത്തിലാക്കുക,’; പ്രമേയത്തിലൂടെ ആവശ്യമുന്നയിച്ച് സി.പി.ഐ.എം കൊയിലാണ്ടി ഏരിയ സമ്മേളനം
കൊയിലാണ്ടി: സി.പി.ഐ.എം ഏരിയാ സമ്മേളനത്തില്‍ ദേശീയപാതാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട അപാകതകള്‍ പരിഹരിക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കൂടാതെ ദേശീയപാത നിര്‍മ്മാണത്തോടെ വിവിധയിടങ്ങളിലെ സര്‍വ്വീസ് റോഡുകളിലുള്ള അപാകതകളും യാത്രക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തു.
പഞ്ചായത്ത് നഗരസഭാറോഡുകള്‍ക്ക് സര്‍വീസ് റോഡുമായി കണക്ഷന്‍ നല്‍കണം, കൃത്യമായ ഒഴുക്കുചാല്‍ നിര്‍മ്മിക്കാത്തതിനാല്‍ വലിയ വെള്ളക്കെട്ടാണ് പലയിടങ്ങളിലും. ഇതിനെല്ലാം പരിഹാരമുണ്ടാക്കുന്ന തരത്തില്‍ കാര്യക്ഷമമായി പ്രവൃത്തി പൂര്‍ത്തിയാക്കണം, കാപ്പാട്, പിഷാരികാവ്, പാറപ്പള്ളി, ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജ്, നെല്യാടി, നടേരി, കണയങ്കോട് തുടങ്ങിയവയെല്ലാം ഉള്‍പ്പെടുത്തിയുള്ള പുഴയോര കടലോര ടൂറിസം സര്‍ക്യൂട്ട് സ്ഥാപിക്കുക, കള്ളുചെത്തു വ്യവസായം സംരക്ഷിക്കുക, താലൂക്കാശുപത്രിയില്‍ കാര്‍ഡിയോളജി, നെഫ്രോളജി അടക്കം സ്ഥാപിച്ച് ജില്ലാ നിലവാരത്തിലാക്കുക, കൊയിലാണ്ടി ഹാര്‍ബറില്‍ മറൈന്‍ എഞ്ചിനിയറിങ് കോളേജും മറ്റു അനുബന്ധ തൊഴില്‍ശാലകളും സ്ഥാപിക്കുക, തിരുവങ്ങൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികിത്സയാരംഭിക്കുക, ചേമഞ്ചേരി സ്റ്റേഷനില്‍ നിര്‍ത്തലാക്കിയ തീവണ്ടികള്‍ പുനഃസ്ഥാപിക്കുക, കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ മുത്താമ്പി റോഡില്‍ ഫുട്ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കുക, വെളിയണ്ണൂര്‍ ചല്ലിയിലെ പദ്ധതി പ്രവര്‍ത്തനം പൂര്‍ത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
വെങ്ങളം മുതല്‍ മൂരാട് വരെ വേഗതയില്ലാതെയും കാര്യക്ഷമമില്ലാതെയുമാണ് പ്രവൃത്തി നടക്കുന്നത് എന്നതിനാല്‍ വലിയ പൊടിശല്യവും വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയുമാണ്. ആവശ്യമായ പല സ്ഥല ങ്ങളിലും അടിപ്പാത നിര്‍മ്മിക്കാന്‍ കഴിയാത്തത് പാതയുടെ രണ്ടു ഭാഗത്തെയും ജനങ്ങള്‍ക്ക് വലിയ പ്രയാസമാണുണ്ടാക്കിയത്. സര്‍വീസ് റോഡുകള്‍ക്ക് പലയിടങ്ങളിലും വീതിയില്ലായെന്നത് നിലവിലും ഭാവിയിലും വലിയ ഗതാഗത തടസ്സത്തിന് കാരണമാകുകയാണെന്നും വാഹനങ്ങള്‍ ഓവര്‍ ടേക്ക് ചെയ്യാന്‍ കഴിയാത്ത അവസ്ഥയായതിനാല്‍ വലിയ ഗതാഗത തടസ്സമാണ് നേരിടുന്നതെന്നും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തു.
Summary : in-the-cpim-area-conference-it-was-demanded-through-a-resolution-that-the-defects-related-to-the-construction-of-the-national-highway-should-be-resolved.