ഉപ്പും മുളകും പച്ചമാങ്ങയും പിന്നെ…ലേശം വെളിച്ചെണ്ണയും; പിഷാരികാവ് കാളിയാട്ട ദിവസത്തിലെ പതിവ് തെറ്റിക്കാതെ പാലോളിത്തറവാട്ടുകാര്‍, മാങ്ങ കൊടുക്കല്‍ ചടങ്ങിന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്
കൊയിലാണ്ടി: ഉപ്പും മുളകും വെളിച്ചെണ്ണയും ഇട്ട് അതില്‍ മുങ്ങിനിവര്‍ന്ന മാങ്ങ, ആലോചിക്കുമ്പോള്‍ തന്നെ വായില്‍ വെള്ളമൂറുന്നില്ലേ. പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന്റെ അവസാന ദിനത്തില്‍ രുചിയൂറും മാങ്ങകള്‍ വിതരണം ചെയ്യാനുളള അവസാന ഘട്ട ഒരുക്കങ്ങളിലാണ് മൂടാടി പാലോളിത്തറവാട്ടുകാര്‍.
കഴിഞ്ഞ 45 വര്‍ഷമായി തുടര്‍ന്നുപോന്ന മാങ്ങകൊടുക്കല്‍ ചടങ്ങ് ഇത്തവണയും ഭംഗിയോടെ നിര്‍വ്വഹിക്കാനുളള തിടുക്കത്തിലാണ് പാലോളി തറവാട് കുടുംബം. കാളിയാട്ടത്തിന് ഒരാഴ്ച മുമ്പേ തുടങ്ങിയതാണ് മാങ്ങ വിതരണത്തിനുള്ള ഒരുക്കങ്ങള്‍. ആദ്യ പണിയായ മാങ്ങ ശേഖരിക്കല്‍ ഇന്ന് കൊയിലാണ്ടിയില്‍ നിന്നും ആരംഭിച്ച് തിക്കോടി വരെ എത്തി.
കൊയിലാണ്ടി പോലീസ് സ്‌റ്റേഷന്റെ സമീപത്ത് നിന്നും തുടങ്ങി പുളിയഞ്ചേരി, മുചുകുന്ന്, തിക്കോടി, പാലക്കുളം തുടങ്ങി വിവിധ സ്ഥലങ്ങളില്‍ നിന്നും മാങ്ങ ശേഖരിച്ചിട്ടുണ്ട്. രണ്ടാം ഘട്ടമായ മാങ്ങ മുറിച്ചിടല്‍ തുടങ്ങിയ പരിപാടികള്‍ നാളെ പാലക്കുളത്ത് നിന്ന് ആരംഭിക്കും. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി മറ്റന്നാള്‍ കാളിയാട്ട ദിവസം മാങ്ങ ആദ്യം ദേവിക്ക് നിവേദ്യമായി സമര്‍പ്പിച്ച ശേഷം ഭകതജനങ്ങള്‍ക്ക് വിതരണം ചെയ്യും.
രാജഭരണ കാലം തൊട്ട് പിഷാരികാവില്‍ നടത്തിവരുന്ന ചടങ്ങാണിത്. ആദ്യം നടത്തിയിരുന്നത് കണ്ണാടിക്കല്‍ തറവാട്ടുകാരായിരുന്നു. ഇടക്കാലത്ത് ഇത് നിലച്ചുപോയി. പിന്നീട് പാലോളിക്കാര്‍ ഏറ്റെടുത്ത് നടത്തിവരികയാണ്. കുടിവെള്ളത്തിന് വേണ്ടി പോലും അലയുന്ന പണ്ട് കാലത്ത് ഒരു താല്‍ക്കാലിക ആശ്വാസം എന്ന നിലയിലാണ് ഈ ചടങ്ങ് ആരംഭിച്ചതെന്നാണ് പറയുന്നത്.