മങ്കിപോക്‌സ് ; ശരീരത്തിൽ തിണർപ്പുകളുള്ള രോഗികളെ തിരിച്ചറിയണം, ഇന്ത്യയിലും ജാഗ്രതാ നിർദേശം, വിമാനത്താവളങ്ങളിൽ മുന്നറിയിപ്പ്
ഡൽഹി: ലോകമെമ്പാടും മങ്കിപോക്‌സ് പടരുന്ന സാഹചര്യത്തിൽ രാജ്യത്ത് ജാഗ്രതാ നിർദേശം. എംപോക്‌സിനെ ആഗോള പൊതുജനാരോഗ്യ അടിയന്തരവസ്ഥയായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ മുൻകരുതൽ നടപടികൾ സ്വീകരിച്ചെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
അടിയന്തര വാർഡുകൾ സജ്ജമാക്കുക, വിമാനത്താവളങ്ങളിൽ മുന്നറിയിപ്പ് നൽകുക തുടങ്ങിയ മുൻകരുതൽ ആരോഗ്യ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. ശരീരത്തിൽ തിണർപ്പുകളുള്ള രോഗികളെ തിരിച്ചറിയണമെന്നും അവർക്ക് ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കണമെന്നും ആശുപത്രികൾക്ക് ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. സംശയമുള്ള രോഗികളിൽ ആർടി- പിസിആർ, നാസൽ സ്വാബ് എന്നീ പരിശോധനകൾ നടത്തണം.
ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വിമാനത്താവളങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഡൽഹിയിലെ നോഡൽ ആശുപത്രികളായ സഫ്ദർജുങ്, ലേഡി ഹാർഡിങ് മെഡിക്കൽ കോളേജ്, റാം മനോഹർ ലോഹിയ ആശുപത്രി എന്നിവിടങ്ങളിൽ വാർഡുകൾ സജ്ജമാക്കി.
ഈയടുത്താണ് ലോകാരോഗ്യ സംഘടന എംപോക്‌സിനെ ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചത്. രണ്ട് വർഷത്തിനിടയിൽ രണ്ടാം തവണയാണ് എംപോക്‌സിനെ ഇത്തരത്തിൽ ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കുന്നത്. ലൈംഗിക സമ്പർക്കമുൾപ്പെടെയുള്ള ഇടപെടലുകളിലൂടെ പെട്ടെന്ന് പടരുന്ന രീതിയിൽ വൈറസിന്റെ പുതിയ വകഭേദങ്ങൾ ശക്തിപ്പെട്ടിട്ടുണ്ട്.
Description: In case of spread of monkey pox, caution has been issued in the country.