ആവളയില്‍ ഇരുമ്പ് സ്ലാബിനടിയില്‍ പ്രദേശവാസിയുടെ കാല്‍ കുടുങ്ങി; സുരക്ഷിതമായി പുറത്തെടുത്ത് അഗ്നിരക്ഷാസേന


പേരാമ്പ്ര: ആവളയില്‍ ഫുട്പാത്തില്‍ കാല്‍ കുടുങ്ങിയയാള്‍ക്ക് രക്ഷകരായി പേരാമ്പ്രയിലെ അഗ്നിരക്ഷാ സേന. ആവള തടത്തില്‍ മീത്തല്‍ ഗിരീഷിന്റെ കാലാണ് കുടുങ്ങിയത്. ഇന്നലെ രാത്രി ഒമ്പതുമണിയോടെ മഠത്തില്‍ മുക്ക് ഹൈസ്‌ക്കൂള്‍ റോഡിലെ ഫുട്പാത്തിലെ ഇരുമ്പ് സ്ലാബിനിടയിലാണ് കാല്‍ കുടുങ്ങിയത്.

ഹൈഡ്രോളിക്ക് ഉപകരണങ്ങള്‍ ഉപയോഗിച്ച് പൈപ്പുകള്‍ വിടര്‍ത്തിയശേഷം ഗിരീഷിന്റെ കാല് സുരക്ഷിതമായി സ്ലാബിനിടയില്‍ നിന്നും പുറത്തെടുത്തു. വീഴ്ചയ്ക്കിടയില്‍ ഓടയില്‍ വീണ മൊബൈലും സേനാംഗങ്ങള്‍ എടുത്തുനല്‍കി. സേന കൃത്യസമയത്ത് എത്തിയതിനാല്‍ വലിയ കേടുപാടുകളൊന്നും തന്നെയില്ലാതെ ഗിരീഷിന്റെ കാല്‍ പുറത്തെടുക്കാന്‍ കഴിഞ്ഞു. ഗിരീഷിന് നടക്കാന്‍ ബുദ്ധിമുട്ടുകളൊന്നുമില്ലെന്ന് ഉറപ്പുവരുത്തിയശേഷമാണ് സേനാംഗങ്ങള്‍ മടങ്ങിയത്.

നാട്ടുകാര്‍ നടത്തിയ രക്ഷാദൗത്യം വിജയിക്കാതെ വന്നതോടെ പേരാമ്പ്ര അഗ്‌നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. നിലയത്തില്‍ നിന്നും അസി.സ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി.പ്രേമന്റെ നേതൃത്ത്വത്തില്‍ ഫയര്‍&റെസ്‌ക്യൂ ഓഫീസ്സര്‍മാരായ ടി.വിജീഷ്, വി.കെ.അഭിലജ്പത് ലാല്‍, എം.ടി.മകേഷ്, വി.വിനീത്, ഹോംഗാര്‍ഡ് പി.മുരളീധരന്‍ എന്നിവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

Summary: In Avala, a local got his leg stuck under an iron slab; Firefighters pulled out safely