മികച്ച സേവനത്തിന് ദേശീയ അം​ഗീകാരം; കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ സീനിയർ ഡോക്ടർ സന്ധ്യ കുറുപ്പിന് ഐ.എം.എയുടെ നാഷണൽ പ്രസിഡൻസ് അപ്രീസിയേഷൻ അവാർഡ്


കൊയിലാണ്ടി: ആരോ​ഗ്യ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് ഡോ. സന്ധ്യക്കുറുപ്പിന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നാഷണൽ പ്രസിഡൻസ് അപ്രീസിയേഷൻ അവാർഡ്. 2022 ലെ പ്രവർത്തനങ്ങൾ പരി​ഗണിച്ചാണ് ഡോ.സന്ധ്യ കുറുപ്പിന് മികച്ച സേവനത്തിനുള്ള അവാർഡ് നൽകുന്നത്. ഇന്ത്യയിലെ മുഴുവൻ ഡോക്ടർമാരിൽ നിന്നാണ് ഡോ.സന്ധ്യ തിരഞ്ഞെടുക്കപ്പെട്ടത്.

അവാർഡ് കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും ലഭിച്ചതിൽ ഏറെ സന്തോഷം തോനുന്നുണ്ടെന്നും ഡോ.സന്ധ്യ കൊയിലാണ്ടി ന്യൂസിനോട് പ്രതികരിച്ചു. തന്നിൽ നിഷ്കർഷിച്ച ഉത്തരവാദിത്യങ്ങൾ ഏറെ അത്മാർത്ഥമായാണ് ചെയ്തു പോകുന്നത്. അതിനുള്ള അം​ഗീകാരമായി അവാർഡിനെ കാണുന്നെന്നും അവർ കൂട്ടിച്ചേർത്തു.

കോവിഡ് കാലത്ത് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ നോഡൽ ഓഫീസറായി മികച്ച സേവനമാണ് ഡോ. സന്ധ്യ നടത്തിയത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ സീനിയർ ഡോക്ടർ കൂടിയാണ്. ഡിസംബർ 27 -ന് ഉത്തർപ്രദേശിൽ നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരം കെെമാറും.

Summary: IMA’s National President’s Appreciation Award to Sr. Dr. Sandhya Kurup of Koyilandy Taluk Hospital