ഇരുമ്പ് ബീമുകൾ സ്ഥാപിച്ച് വാതിൽ വെച്ച് താഴിട്ടുപൂട്ടി; മുത്താമ്പി റോഡിൽ റെയിൽവേയുടെ സ്ഥലത്ത് വാഹനങ്ങൾ പാർക്ക് ചെയ്തവർക്ക് എട്ടിന്റെ പണി (വീഡിയോ)


കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ സ്റ്റേഷന്റെ കിഴക്ക് ഭാഗത്ത് മുത്താമ്പി റോഡിന് സമീപം റെയിൽവേയുടെ സ്ഥലത്ത് വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നവർക്കും യാത്രകളിൽ അവിടെ പാർക്ക് ചെയ്യാൻ പദ്ധതിയിടുന്നവരും ഇനി അത് ചിന്തിക്കുകയെ വേണ്ട. കർശന നടപടിയുമായി റെയിൽവേ അധികൃതർ രംഗത്തെത്തിയിരിക്കുകയാണ്.

റെയിൽവെ സ്റ്റേഷൻ്റെ കിഴക്ക് ഭാഗത്ത് റെയിൽവെയുടെ സ്ഥലത്ത് അനധികൃതമായി പാർക്കിംങ്ങ് പൂർണ്ണമായും നിർത്തലാക്കി. മുന്നറിയിപ്പുകൾ പലതും നൽകിയിട്ടും ഫൈൻ അടച്ചിട്ടും പ്രയോജനമില്ലാത്ത ആയതോടെയാണ് ഇന്ന് ഉച്ചയോടെ പെട്ടന്നുള്ള നടപടി ഉണ്ടായത്.

റെയിൽവേയുടെ കൈവശമുള്ള സ്ഥലമാണ് ഇത്. ദിവസവും ജില്ല വിട്ട് പോകുന്ന ഉദ്യോഗസ്ഥരും, മറ്റ് ജോലിക്കാരുമാണ് ഏറെയും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.

മുത്താമ്പി റോഡിൽ റെയിൽ പാളത്തിന് സമീപമായി ഇരുചക്രവാഹനങ്ങളും കാറുകളും നിർത്തിയിട്ടവർക്കെതിരെയാണ് ഇന്ന് നടപടിയെടുത്തത്. ഷൊർണൂർ മുതൽ മംഗലാപുരം വരെയുള്ള മെറ്റൽ യാർഡ് മേഖലകളിലാണ് ദിവസവും നിരവധി വാഹനങ്ങൾ പാർക്കിംങ്ങ് ചെയ്യുന്നത്. ഇത് അനധികൃതമാണെന്ന് റെയിൽവെ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇതിനെ അവഗണിച്ച് ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നവർക്കെതിരെ റെയിൽവേ ഫൈൻ ഈടാക്കിയിരുന്നു. എന്നാൽ അതിന് പിന്നാലെയും ഇത് തുടർന്നതോടെയാണ് റെയിൽവെ നടപടിയുമായി രംഗത്തെത്തിയത്.

കർക്കിട വാവു ബലിയോടനുബന്ധിച്ച് ഇന്ന് അവധി ദിവസമായതിനാൽ വാഹനങ്ങൾ കുറവായിരുന്നു. എന്നിട്ടും മൂന്നു കാറുകളും ഇരുപത്തിയേഴു ബൈക്കുകളും ഇവിടെ പാർക്ക് ചെയ്തിരുന്നു.

റെയിൽവെയുടെ മലബാർർ ഭാഗത്തെക്കുള്ള മെറ്റൽ യാർഡിന് ഇവിടെയുള്ള പാർക്കിങ് തടസമായതോടെയാണ് റെയിൽവെ നിലപാട് കടുപ്പിച്ചത്. തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച ശേഷം നടപടി എടുക്കാൻ തീരുമാനിക്കുകയായിരുന്നു. ഇരുമ്പ് ബീമുകൾ സ്ഥാപിക്കുകയും ഒരു ഭാഗം വാതിൽ വെച്ച് താഴിട്ടുപൂട്ടുകയും ചെയ്തിരിക്കുകയാണ് റെയിൽവെ അധികൃതർ.

വീഡിയോ കാണാം:

വീഡിയോ കടപ്പാട്: രാജേഷ് പി. മുത്താമ്പി