എലത്തൂര്‍ ട്രെയിന്‍ തീവെയ്പ് കേസ്; വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയതിന് സസ്‌പെന്‍ഷനിലായ ഐ.ജി വിജയനെ തിരിച്ചെടുത്തു
കോഴിക്കോട്: സസ്‌പെന്‍ഷനിലായ ഐ.ജി പി.വിജയനെ തിരിച്ചെടുത്തു. സസ്‌പെന്‍ഷന്‍ റദ്ദാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിറക്കി. എലത്തൂര്‍ ട്രെയിന്‍ തീവെയ്പ് കേസിലെ പ്രതിയുടെ യാത്രിവിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയെന്നാരോപിച്ചാണ് വിജയനെ സസ്‌പെന്റ് ചെയ്തത്. ഈ ആരോപണവുമായി ബന്ധപ്പെട്ട് ഐ.ജി വിജയനെതിരെ വകുപ്പ് തല അന്വേഷണം തുടരും.
മെയ് 18നാണ് ഐ.ജി.വിജയനെ സസ്‌പെന്റ് ചെയ്തത്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍.അജിത്കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഇതിനു പിന്നാലെ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ചൂണ്ടിക്കാട്ടി വിജയന്‍ സര്‍ക്കാറിന് മറുപടി നല്‍കുകയും ചെയ്തിരുന്നു.
നടപടിയെടുത്ത് രണ്ട് മാസത്തിനുശേഷം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള പുനപരിശോധനാ സമിതി വിജയനെ തിരികെ സര്‍വീസിലെടുക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ അനുകൂല നടപടിയുണ്ടായില്ല. പിന്നീട് സെപ്തംബറില്‍ വീണ്ടും ഐ.ജിക്ക് അനുകൂലമായി ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി റിപ്പോര്‍ട്ട് നല്‍കി. വകുപ്പ് തല അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ക്ക് വിശദീകരണം നല്‍കാനുള്ള അവസരം ഉണ്ടെന്നും അപ്പോള്‍ വീഴ്ച കണ്ടെത്തിയാല്‍ നടപടിയാകാമെന്നുമായിരുന്നു ശുപാര്‍ശ.