മാനവമൈത്രിയുടെ വിരുന്നൊരുക്കി നന്തിയിൽ ബാലൻ അമ്പാടിയുടെ ഇഫ്താർ മീറ്റ്
കൊയിലാണ്ടി: ജീവകാരുണ്യ പ്രവർത്തന രംഗത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ബാലൻ അമ്പാടി ഒരുക്കിയ ഇഫ്താർ മീറ്റ് മാനവ മൈത്രി സംഗമവേദിയായി. നന്തിയിലെ വൃന്ദാവൻ കോംപ്ലക്സിൽ നടന്ന ഇഫ്താർ മീറ്റ് കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. എ.അസീസ് മാസ്റ്റർ അദ്ധ്യക്ഷനായി.
ഹൈന്ദവ, ക്രൈസ്തവ, ഇസ്ലാമിക വിഭാഗങ്ങളിലെ നിർദ്ധനരായ പെൺകുട്ടികളുടെ സമൂഹ വിവാഹം ഒരേ വേദിയിൽ വെച്ച് നടത്തി മാതൃക കാണിച്ച വ്യക്തിത്വമാണ് ബാലൻ അമ്പാടിയെന്ന് സ്വാമി സുന്ദരാനന്ദ, റവറന്റ് ബിജോലിന്ത്, സി.ബഷീർ ദാരിമി എന്നിവർ പറഞ്ഞു.
മൂടാടി പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാർ, കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട്, പയ്യോളി നഗരസഭ ചെയർമാൻ ഷെഫീക്ക് വടക്കയിൽ, വാർഡ് മെമ്പർ മോഹനൻ എന്നിവർ സംസാരിച്ചു. ബാലൻ അമ്പാടി സ്വാഗതവും റഷീദ് മൂടാടി നന്ദിയും പറഞ്ഞു.