യൂറിക് ആസിഡ് അത്ര നിസ്സാരക്കാരനല്ല, ശ്രദ്ധിച്ചില്ലെങ്കിൽ ആരോ​ഗ്യസ്ഥിതി മോശമാകും; രോ​ഗലക്ഷണങ്ങളും പ്രതിരോധ മാർ​ഗങ്ങളും എന്തെല്ലാമെന്ന് നോക്കാം


തിരക്കുപിടിച്ച ജീവിതത്തിലൂടെയാണ് നാം എല്ലാവരും കടന്നുപോകുന്നത്. അത് കൊണ്ട് തന്നെ പലതരത്തിലുള്ള ജീവിതശെെലി രോ​ഗങ്ങൾ പലരേയും അലട്ടുന്നു. അതിലൊന്നാണ് ഹൈപ്പർയൂറിസെമിയ എന്ന രോ​ഗാവസ്ഥ. ശരീരത്തിൽ ഉയർന്ന അളവിൽ യൂറിക് ആസിഡ് ഉണ്ടാകുന്നതിന് കാരണമാകുന്ന രോ​ഗാവസ്ഥയാണ് ഹൈപ്പർയൂറിസെമിയ എന്നത്.

മനുഷ്യരിൽ പ്യൂരിൻ എന്ന പ്രോട്ടീനിന്റെ ദഹനപ്രക്രിയയുടെ ഭാഗമായി ലഭിക്കുന്ന അന്തിമ ഉൽപന്നമാണ് യൂറിക് ആസിഡ്. ഈ പ്രക്രിയയിൽ എന്തെങ്കിലും തടസ്സം വരുമ്പോഴോ അല്ലെങ്കിൽ യൂറിക് ആസിഡിന്റെ അളവ് കൂടുന്ന രീതിയിലുള്ള ഭക്ഷണം കഴിക്കുകയോ അതുമല്ലെങ്കിൽ യൂറിക് ആസിഡ് കൃത്യമായി അലിഞ്ഞ് മൂത്രത്തിലൂടെ പുറത്തു പോകാതിരിക്കുകയോ കാരണം മനുഷ്യർക്ക് ഉയർന്ന അളവിലുള്ള യൂറിക് ആസിഡ് ഉണ്ടാവാം. ഇതാണ് ഹൈപ്പർയൂറിസെമിയയിലേക്ക് നയിക്കുന്നത്. പാശ്ചാത്യ ഭക്ഷണരീതികളും ജീവിതരീതികളും സ്വീകരിക്കുന്നതിനാൽ നിരവധി പേരിൽ ഈ രോ​ഗം ബാധിക്കുന്നതായി പഠനങ്ങൾ പറയുന്നു.

രോഗലക്ഷണങ്ങൾ

1.സന്ധിവാതം- പ്രധാനമായും പെരുവിരലുകളിൽ വീക്കം, വേദന
2. മുട്ടുവേദന
3. മൂത്രക്കല്ല് -യൂറിക് ആസിഡ് പരലുകൾ നിക്ഷേപിക്കുന്നതിലൂടെ വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നു. ഈ രോഗികൾക്ക് വയറുവേദന ഉണ്ടായേക്കാം.
4. കാലുകള്‍ക്ക് തീ പിടിച്ച പോലുള്ള അവസ്ഥ
5. കാലുകളുടെ പത്തിക്ക് വല്ലാത്ത പുകച്ചിലും നീറ്റലും
6. ചില സന്ധികളില്‍ ചുവന്ന നിറത്തോട് കൂടിയ തടിപ്പ്, സൂചി കുത്തുന്നത് പോലുള്ള വേദന, മരവിപ്പ് തുടങ്ങിയവ
7. സന്ധി വേദന, വൃക്കയില്‍ കല്ല്, വൃക്ക സ്തംഭനം തുടങ്ങിയ സങ്കീര്‍ണതകളും യൂറിക് ആസിഡ് ഉണ്ടാക്കാം.

ഹൈപ്പർയൂറിസെമിയയ്ക്ക് കാരണമായേക്കാവുന്ന ഘടകങ്ങൾ

  • യൂറിക്ക് ആസിഡ് കൂടുതൽ ഉണ്ടാക്കിയേക്കാവുന്ന ഭക്ഷണങ്ങളുടെ വർധിച്ച ഉപയോഗമാണ് ഒരു കാരണം. ഈ ഭക്ഷണങ്ങളിൽ പ്രധാനമായും കരൾ, തലച്ചോറ്, കുടൽ എന്നിവയുൾപ്പെടെയുള്ള അവയവ മാംസം ഉൾപ്പെടുന്നു, അതിൽ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണ്. അയല, ട്യൂണ എന്നീ മത്സ്യങ്ങളും ഇതിൽ പെടും.
  • ബേക്കറി സാധനങ്ങളിൽ ഉപയോഗിക്കുന്ന റിഫൈൻഡ് ഷുഗർ.
  • ഏതെങ്കിലും കാരണത്താൽ ഉണ്ടാകുന്ന നിർജ്ജലീകരണം ഹൈപ്പർയൂറിസെമിയയിലേക്ക് നയിക്കുന്നു. അതിനാൽ യൂറിക് ആസിഡിന്റെ അളവ് വർധിക്കുന്നത് ഒഴിവാക്കാൻ, പ്രതിദിനം 3-4 ലിറ്റർ വെള്ളം കൃത്യമായി കഴിക്കുന്നത് ഉറപ്പാക്കണം.
  • ഉയർന്ന മദ്യപാനം, ഫ്രക്ടോസ് അടങ്ങിയ അധിക ഭക്ഷണം, ഉയർന്ന രക്തസമ്മർദ്ദം, വൃക്കസംബന്ധമായ പ്രശ്നങ്ങൾ, പ്യൂരിൻ അടങ്ങിയ ഭക്ഷണങ്ങൾ, സോഡ ഉൽപന്നങ്ങൾ ഉപയോഗം എന്നിവ കഴിക്കുന്നത് ഹൈപ്പർയൂറിസെമിയയ്ക്ക് കാരണമാകുന്നു.
  • രക്തത്തിൽ വളരെയധികം യൂറിക് ആസിഡ് ഉണ്ടാകുമ്പോഴാണ് ഹൈപ്പർ യൂറിസെമിയ ഉണ്ടാകുന്നത്. മൂന്നിലൊന്ന് ആളുകൾക്ക് മാത്രമേ രോഗലക്ഷണങ്ങൾ അനുഭവപ്പെടുകയുള്ളൂ. യൂറിക് ആസിഡിൻ്റെ അളവ് ഉയർന്ന നിലയിലാണെങ്കിൽ കാലക്രമേണ അവ വൃക്കയിലെ കല്ലുകൾ പോലുള്ള നിരവധി രോഗങ്ങൾക്ക് കാരണമാകും.
  • ഉയർന്ന യൂറിക് ആസിഡിൻ്റെ അളവ് സന്ധിവാതം പോലുള്ള നിരവധി രോഗങ്ങളിലേക്ക് നയിച്ചേക്കാം. ഉയർന്ന യൂറിക് ആസിഡിൻ്റെ അളവ് ഹൃദ്രോഗം, പ്രമേഹം, വൃക്കരോഗം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

പ്രതിരോധം:

യൂറിക് ആസിഡിന്റെ അളവ് കൂട്ടുന്നതിന് കാരണമായേക്കുന്ന പദാർത്ഥങ്ങളുടെ ഉപയോഗം കുറയ്ക്കുക.
മദ്യപാനം നിർത്തുക. ഭക്ഷണത്തിൽ കൂടുതൽ പഴങ്ങൾ ഉൾപ്പെടുത്തുക – വൈറ്റമിൻ സി കൂടുതലുള്ള നാരങ്ങ, ഓറഞ്ച് ഉപയോഗിക്കുക. നാരുകൾ കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ സാധാരണ യൂറിക് ആസിഡിന്റെ അളവ് നിലനിർത്താൻ സഹായിക്കുന്നു. പച്ചക്കറികൾ കഴിക്കുക. ധാരാളം വെള്ളം കുടിക്കുക. ശരീര ഭാരത്തിനനുസരിച്ച് കൂടുതൽ വെള്ളം കുടിക്കുന്നത് നന്നാവും.

യൂറിക് ആസിഡ് സാധാരണയായി മനുഷ്യശരീരത്തിൽ 4-7mg/dl ആയിരിക്കും. രക്തപരിശോധനയിലൂടെയാണ് രോ​ഗം കണ്ടെത്തുന്നത്. യുറിക് ആസിഡിന്റെ അളവ് സാധാരണമാവുകയും ലക്ഷണങ്ങൾ മാറുകയും ചെയ്താൽ മരുന്ന് നിർത്തുകയും യൂറിക് ആസിഡിന്റെ അളവ് 6 മാസത്തിലൊരിക്കൽ എങ്കിലും പരിശോധിക്കുകയും ചെയ്യാം. അതിനാൽ ഇതൊരു വലിയ രോഗമല്ല, പക്ഷേ ശ്രദ്ധിക്കപ്പെടാതെ പോയാൽ ഇത് പല സങ്കീർണതകളിലേക്കും നയിച്ചേക്കാം.

യൂറിക് ആസിഡ് കൂടുതലുള്ളവർ കഴിക്കേണ്ട ഭക്ഷണങ്ങൾ

വിറ്റാമിൻ സി, പൊട്ടാസ്യം തുടങ്ങിയവ ധാരാളം അടങ്ങിയതാണ് നേന്ത്രപ്പഴം. അധികമായ യൂറിക് ആസിഡ് മൂലം ഗൗട്ട് പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർ ഡയറ്റിൽ ഉറപ്പായും നേന്ത്രപ്പഴം ഉൾപ്പെടുത്തണം. കോഫി കുടിക്കുന്നത് ഗൗട്ട് പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ അകറ്റുന്നതിന് നല്ലതാണെന്നാണ് ‘ദി അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനി’ൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. ഓറഞ്ച്, നാരങ്ങ തുടങ്ങിയ ‘സിട്രസ്’ വിഭാഗത്തിൽ ഉൾപ്പെടുന്ന പഴങ്ങളും യൂറിക് ആസിഡ് കുറയ്ക്കാൻ സഹായിക്കുന്നു.