”എയര്‍കണ്ടീഷന്‍ ആന്റ് റഫ്രിജറേഷന്‍ മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്ക് ന്യായമായ വേതനം ഉറപ്പുവരുത്തണം”; എച്ച്.വി.എ.സി.ആര്‍ എംപ്ലോയീസ് അസോസിയേഷന്‍


കൊയിലാണ്ടി: എയര്‍കണ്ടീഷന്‍ ആന്റ് റഫ്രിജറേഷന്‍ മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്ക് ന്യായമായ വേതനം ഉറപ്പുവരുത്തണമെന്ന് ഹീറ്റിംഗ് വെന്റിലേഷന്‍ എയര്‍കണ്ടീഷന്‍ ആന്റ് റഫ്രിജറേഷന്‍ (എച്ച്.വി.എ.സി.ആര്‍) കൊയിലാണ്ടി താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. സര്‍ക്കാറില്‍ നിന്നും അംഗീകാരങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കാനായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാനും സമ്മേളനം തീരുമാനിച്ചു.

കൊയിലാണ്ടി ഈസ്റ്റ് റോഡിലെ ആതിര ഓഡിറ്റോറിയത്തിലാണ് സമ്മേളന പരിപാടികള്‍ നടന്നത്. രാവിലെ ഒമ്പതുമണിക്ക് സീനിയര്‍ അംഗം സുരേഷ് കെ.പതാക ഉയര്‍ത്തിയതോടെ സമ്മേളനം ആരംഭിച്ചു. താലൂക്ക് പ്രസിഡന്റ് വി.യൂനുസിന്റെ അധ്യക്ഷതയില്‍ എച്ച്.വി.എ.സി.ആര്‍ സ്റ്റേറ്റ് കൗണ്‍സില്‍ അംഗം കിഷോര്‍ കുമാര്‍ ഷെട്ടി സമ്മേളനം ഉദ്ഘാടനം ചെയ്തു. മുന്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ സി.പി.ആനന്ദന്‍ മുഖ്യ അതിഥിയായിരുന്നു.

സംഘടനയുടെ കീഴിലുള്ള ടെക്‌നീഷ്യന്മാര്‍ക്ക് ഉള്ള ഐഡി കാര്‍ഡിന്റെ ജില്ലാതല വിതരണ ഉദ്ഘാടനം കോഴിക്കോട് ജില്ലാ താലൂക്ക് പ്രസിഡന്റ് പി.ടി.ദീപേഷ് നിര്‍വഹിച്ചു. അംഗങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് കാര്യങ്ങളെപ്പറ്റി ജില്ലാ എക്‌സിക്യുട്ടീവ് അംഗം ഗിരീഷ് സംസാരിച്ചു.

കോഴിക്കോട് ജില്ലാ സെക്രട്ടറി വി.പാര്‍ത്ഥസാരഥി താലൂക്കിലെ സീനിയര്‍ അംഗങ്ങളെ ആദരിച്ചു. പൊന്നാട അണിയിച്ച വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കള്‍ക്കുള്ള മൊമെന്റോ വിതരണവും നടന്നു. കോഴിക്കോട് താലൂക്ക് സെക്രട്ടറി മിഥുന്‍ വടകര പ്രസിഡന്റ് നൗഷാദ് എന്നിവര്‍ ആശംസ അര്‍പ്പിച്ചു. ജില്ലാ കൗണ്‍സില്‍ മെമ്പര്‍ കെ.കെ.നൗഫല്‍ സ്വാഗതം പറഞ്ഞു. ഈ വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട് താലൂക്ക് സെക്രട്ടറി വി.എം.ഷാജി അവതരിപ്പിച്ചു. താലൂക്ക് പ്രഷര്‍ നജ്മുദ്ദീന്‍ നന്ദി പ്രകാശിപ്പിച്ചു.

Summary: HVACR Employees Association