”ഭിന്നശേഷിക്കാരിയായ മകളെ ഈ കുണ്ടുംകുഴിയും നിറഞ്ഞ വഴിയിലൂടെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന്റെ പ്രയാസം ഞങ്ങള്‍ക്കറിയാം” ചെങ്ങോട്ടുകാവിലെ കൊളക്കണ്ടി- പാറക്കണ്ടി റോഡ് നേരിടുന്ന അവഗണനയില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു, പഞ്ചായത്ത് സെക്രട്ടറിക്ക് നോട്ടീസ്
ചെങ്ങോട്ടുകാവ്: പഞ്ചായത്തിലെ എട്ടാം വാര്‍ഡിലുള്‍പ്പെട്ട കൊളക്കണ്ടി – പാറക്കണ്ടി റോഡ് നന്നാക്കാന്‍ നടപടിയെടുക്കാത്തതില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു. കമ്മീഷന് മുമ്പില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ചെങ്ങോട്ടുകാവ് പഞ്ചായത്ത് സെക്രട്ടറിയ്ക്ക് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് നോട്ടീസ് അയച്ചു. ജനുവരി 30ന് രാവിലെ 11 മണിക്ക് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങ്ങില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പതിനഞ്ച് ദിവസത്തിനകം പഞ്ചായത്ത് സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്.
പഞ്ചായത്തിലെ എട്ടാം വാര്‍ഡിലുള്ള കൊളക്കണ്ടി – പാറക്കണ്ടി റോഡാണ് ഗതാഗത യോഗ്യമല്ലാതായിട്ട് കാലങ്ങളായി. 200മീറ്ററോളം വരുന്ന റോഡ് പത്തോളം കുടുംബങ്ങള്‍ ആശ്രയിക്കുന്നതെങ്കിലും ഇതില്‍ ഒരു കുടുംബത്തില്‍ ഭിന്നശേഷിക്കാരിയായ കുട്ടിയുണ്ട്. ഇടയ്ക്കിടെ ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്ന 80% ഭിന്നശേഷിയുള്ള പതിനാല് വയസുകാരിയായ ഈ കുട്ടിയുടെ കുടുംബമാണ് ഏറ്റവുമധികം പ്രയാസങ്ങള്‍ നേരിടുന്നത്. കുട്ടിയ്ക്ക് അസുഖമുണ്ടായാല്‍ ആശുപത്രിയിലേക്ക് പോകാന്‍ കുഞ്ഞിനെയുമെടുത്ത് കയറ്റംകയറി പോകേണ്ട സ്ഥിതിയാണ് ഇപ്പോഴെന്ന് കുട്ടിയുടെ അച്ഛന്‍ വിനോദ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
വെറും 40മീറ്റര്‍ മാത്രമാണ് കോണ്‍ക്രീറ്റ് ചെയ്തിട്ടുള്ളത്. ഇത് തന്നെ കാലങ്ങള്‍ മുമ്പ് ചെയ്തതാണ്. ശേഷിക്കുന്ന ഭാഗത്ത് 40 മീറ്ററോളം കല്ലിട്ട് നിരത്തിയിട്ടുണ്ട്. ബാക്കിഭാഗം കുണ്ടുംകുഴിയും നിറഞ്ഞ് മണ്‍പാതയാണ്. മഴക്കാലത്ത് വഴുക്കലും ചെളിയും കാരണം ഈ റോഡിലൂടെ നടന്നുപോകുകയെന്നത് അപകടം ക്ഷണിച്ചുവരുത്തലാണ്. മറ്റുപല ഭാഗങ്ങളില്‍ നിന്നും വലിയ തോതില്‍ വെള്ളം ഒലിച്ചെത്തുന്ന പ്രദേശമാണിത്.
90മീറ്റര്‍ ഭാഗം കൂടി കോണ്‍ക്രീറ്റ് ചെയ്താല്‍ ഭിന്നശേഷിക്കാരിയുള്‍പ്പെട്ട കുടുംബത്തിന്റെ യാത്രാ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. എന്നാല്‍ പതിനാറ് വര്‍ഷത്തോളമായി പലതവണ ഈ ആവശ്യവുമായി സമീപിച്ചിട്ടും പഞ്ചായത്ത് കണ്ട ഭാവം നടിക്കുന്നില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. കല്ലിട്ട നിരത്തിയ ഭാഗത്ത് വാട്ടര്‍ അതോറിറ്റിയുടെ പ്രവൃത്തിയ്ക്കായി കല്ല് നീക്കിയിരുന്നു. ഇതൊരിടത്ത് കൂട്ടിയിട്ടതല്ലാതെ പുനസ്ഥാപിച്ചില്ലെന്ന് മാത്രമല്ല ഇതില്‍ നിന്നും കുറച്ച് കല്ല് മറ്റെവിടെയോ കൊണ്ടുപോയതായും നാട്ടുകാര്‍ ആരോപിക്കുന്നു. ഇതോടെയാണ് ഈ പാതയിലൂടെയുള്ള കൂടുതല്‍ ദുരിതപൂര്‍ണമായത്.
റോഡ് നന്നാക്കുന്ന കാര്യത്തില്‍ പഞ്ചായത്തിന്റെ ഭാഗത്ത് ഗുരുതര അലഭാവമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പലതവണയായി ഇവിടുത്തെ പ്രശ്നം പ്രദേശവാസികള്‍ പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയതാണ്. എന്നാല്‍ ഒരു പദ്ധതിയിലും ഈ റോഡ് നിര്‍മ്മാണം ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് പ്രദേശവാസിക്ക് വിവരാവകാശം ലഭിച്ച മറുപടിയില്‍ വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് ഇവര്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.
Summary: Human Rights Commission intervenes in the neglect faced by Kolakandi-Parakandi road in Chengotukav