’15 ദിവസത്തിനകം പരിശോധിച്ച് വിശദീകരണം സമര്‍പ്പിക്കണം’; തങ്കമല ക്വാറി വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍
പേരാമ്പ്ര: തങ്കമല കരിങ്കല്‍ ക്വാറി കാരണം പ്രദേശവാസികള്‍ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരമാകുമെന്ന് പ്രതീക്ഷ. പ്രശ്നത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. 15 ദിവസത്തിനകം പരിശോധിച്ച് വിശദീകരണം സമര്‍പ്പിക്കാനാണ് ഉത്തരവ്. കോഴിക്കോട് ജില്ലാ കളക്ടറും മലിനീകരണ നിയന്ത്രണബോര്‍ഡ് ജില്ലാ ഓഫീസറും ഇക്കാര്യം പരിശോധിച്ച് വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥാണ് ഉത്തരവിട്ടത്. ദൃശ്യമാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ക്വാറി നാട്ടുകാര്‍ക്ക് തീരാ ദുരിതമാണ് നല്‍കുന്നത്. കീഴരിയൂര്‍-തുറയൂര്‍ പഞ്ചായത്തുകളിലെ നൂറുകണക്കിന് ജനങ്ങളുടെ ജീവന് ഭീഷണി ഉയര്‍ത്തിയാണ് ക്വാറിയില്‍ ഖനനം നടക്കുന്നത്. മഴക്കാലത്ത് ക്വാറിയുടെ താഴ്വാരത്ത് താമസിക്കുന്നവര്‍ ഭീതിയിലാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. ക്വാറിയുടെ സമീപത്തെ വീടുകളിലെ കിണറുകള്‍ ഖനനം കാരണം മലിനമാകുകയും രാത്രിയിലും ഖനനം തുടരുന്നതിനാല്‍ കുട്ടികളുടെ പഠനത്തെ പോലും സാരമായി ബാധിക്കുന്നതായും നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു.
മാത്രമല്ല ക്വാറിയിലെ സ്‌ഫോടനത്തിന്റെ ആഘാതം കാരണം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതായും, ക്വാറിയില്‍ കരിങ്കല്‍ പൊട്ടിക്കുമ്പോള്‍ പരിസരത്തെ വീടുകള്‍ കുലുങ്ങുമെന്നും കൂറ്റന്‍ ലോറികള്‍ കാരണം റോഡുകള്‍ തകരുന്നതായും നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. പ്രദേശത്തെ കുട്ടികളും മുതിര്‍ന്നവരും ശ്വാസകോശ രോഗങ്ങള്‍ കാരണം ബുദ്ധിമുട്ടുന്നുണ്ട്. മാത്രമല്ല ക്വാറിയില്‍ നിന്നുമുള്ള മലിന ജലം കുറ്റ്യാടി ഇറിഗേഷന്‍ കനാലിലേക്കാണ് ഒഴുക്കുന്നത്. ഒപ്പം കൃത്യമായ മാലിന്യ സംസ്‌ക്കരണ പദ്ധതികളില്ലെന്നും, മഴക്കാലമായാല്‍ പ്രദേശവാസികള്‍ക്ക് നടക്കാന്‍ പോലുമാവില്ലെന്നും നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
തങ്കമല ക്വാറിയിലെ അശാസ്ത്രീയ ഖനനം നിര്‍ത്തി വെക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം കീഴരിയൂര്‍, തുറയൂര്‍, ഇരിങ്ങത്ത് ലോക്കല്‍ കമ്മറ്റികളുടെ നേതൃത്വത്തില്‍ തങ്കമലയില്‍ അനിശ്ചിതകാല റിലേ നിരാഹാര സമരം നടത്തിയിരുന്നു. തുടര്‍ന്ന് വ്യവസ്ഥകള്‍ പാലിച്ചേ തങ്കമല ക്വാറിയില്‍ ഖനനം നടത്താവൂ എന്ന ജില്ലാ കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സമരം അവസാനപ്പിക്കുകയായിരുന്നു. കലക്ട്രേറ്റില്‍ വെച്ച് നടന്ന ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്. തങ്കമല കരിങ്കല്‍ ക്വാറി വിഷയത്തില്‍ എണ്‍വയോണ്‍മെന്റ് ക്ലിയറന്‍സ് വ്യവസ്ഥ ചെയ്യുന്ന മുഴുവന്‍ നിബന്ധനകളും പാലിക്കാന്‍ ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ് ക്വാറി ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. മാത്രമല്ല ഖനനം നടത്താന്‍ അനുമതിയുള്ള പ്രദേശങ്ങള്‍ പ്രത്യേകമായി അതിരിട്ട് തിരിക്കുക, മലിന ജലം കനാലിലേക്ക് ഒഴുകുന്നത് തടയുന്നത് ഉള്‍പ്പെടെയുള്ള മാലിന്യ സംസ്‌ക്കരണ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ നിബന്ധനകള്‍ അടിയന്തരമായി നടപ്പില്‍വരുത്താനും കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.