റീടാറിങ് പുരോഗമിക്കുന്നു; കൊല്ലം നെല്ല്യാടി റോഡ് വഴിയുള്ള ഗതാഗതം തടസപ്പെടുമെന്ന് അറിയിപ്പ്


മേപ്പയ്യൂര്‍: ജില്ലയിലെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെട്ട കൊല്ലം-നെല്ല്യാടി മേപ്പയൂര്‍ റോഡില്‍ റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ഗതാഗതം തടസപ്പെടുമെന്ന് കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് കോഴിക്കോട് /വയനാട് ഡിവിഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ടാറിംഗ് പ്രവൃത്തി അവസാനിക്കുന്നത് വരെ ഗതാഗതം ഭാഗികമായി തടസപ്പെടുമെന്നും എഞ്ചിനീയര്‍ അറിയിച്ചു.

നെല്ല്യാടി പാലം മുതല്‍ മേപ്പയ്യൂര്‍ ടൗണ്‍ വരെയുള്ള ഭാഗമാണ് റീടാര്‍ ചെയ്യുന്നത്. നിലവിലെ വീതിയില്‍ തന്നെയായിരിക്കും റോഡ്. ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്ട് സൊസൈറ്റിയാണ് നിര്‍മ്മാണ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. ഒക്ടോബര്‍ 22നാണ് പ്രവൃത്തി ആരംഭിച്ചത്.

മേപ്പയൂര്‍- കൊല്ലം റോഡ് പാടേ തകര്‍ന്നിട്ട് ഒരു വര്‍ഷത്തോളമായി. കുണ്ടും കുഴിയുമായ റോഡില്‍ അറ്റകുറ്റപ്പണി പോലും വേണ്ട രീതിയില്‍ നടത്തിയിരുന്നില്ല. മഴക്കാലത്ത് വെള്ളക്കെട്ട് കാരണം റോഡ് തന്നെ കാണാത്ത സ്ഥിതിയാണ്. റോഡ് വികസനത്തിനായി സംസ്ഥാന ബജറ്റില്‍ മൂന്നു തവണ തുക വകയിരുത്തിയിരുന്നു. ഒടുവിലത്തെ ബജറ്റില്‍ 39 കോടി രൂപയാണ് അനുവദിച്ചത്. എന്നാല്‍ സ്ഥലം ഏറ്റെടുപ്പിലെ പ്രശ്നങ്ങള്‍ കാരണം റോഡ് വികസനം നീളുകയായിരുന്നു.