കോഴിക്കോട് ജില്ലയില്‍ പ്രകൃതിക്ഷോഭത്തില്‍ വീട് തകര്‍ന്നവര്‍ക്കുള്ള നഷ്ടപരിഹാരം ഇനി കാലതാമസം കൂടാതെ കൈകളിലേക്ക്; വിതരണം വേഗത്തിലാക്കാന്‍ ഉത്തരവിറക്കി കലക്ടര്‍


കോഴിക്കോട്: കാലവര്‍ഷം ആരംഭിച്ചതോടെ പ്രകൃതി ദുരന്തങ്ങളില്‍ വീട് തകര്‍ന്നവര്‍ക്ക് വേഗത്തില്‍ നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിനായി കലക്ടറുടെ ഉത്തരവായി. 2005ലെ ദുരന്ത നിവാരണ നിയമം പ്രകാരമാണ് നഷ്ടപരിഹാരം വിതരണം ചെയ്യുക. ഇതിനായി വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ തഹസില്‍ദാര്‍മാര്‍ക്കും വില്ലേജ് ഓഫീസര്‍മാര്‍ക്കും കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

പ്രകൃതിക്ഷോഭത്തില്‍ വീട് തകര്‍ന്നതിന്റെ അപേക്ഷ ലഭിച്ച് 10 ദിവസത്തിനകം വില്ലേജ് ഓഫീസര്‍ റിലീഫ് പോര്‍ട്ടല്‍ വഴി തഹസില്‍ദാര്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷ ലഭിച്ച് 2 ദിവസത്തിനകം വീട് തകര്‍ന്നതിന്റെ തോത് കണക്കാക്കുന്നതിനായി ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന് അപേക്ഷ കൈമാറിയിരിക്കണം. നാശനഷ്ടങ്ങള്‍ കണക്കാക്കി തദ്ദേശ സ്വയം ഭരണ സ്ഥാപനത്തില്‍ നിന്നും 5 ദിവസത്തിനകം റിപ്പോര്‍ട്ട് ലഭ്യമാക്കണം. റിപ്പോര്‍ട്ട് ലഭ്യമായില്ലെങ്കില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റ് മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.

റിലീഫ് പോര്‍ട്ടലില്‍ ലഭിക്കുന്ന വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട് സഹിതമുള്ള അപേക്ഷകള്‍ 48 മണിക്കൂറിനകം തഹസില്‍ദാര്‍ ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കണം. നാശനഷ്ടം കണക്കാക്കിയതില്‍ പുനപരിശോധന വേണമെന്നു തോന്നുന്ന കേസുകളില്‍ ഈ സമയപരിധിക്കകം തന്നെ തഹസില്‍ദാര്‍ അപേക്ഷ പൂര്‍ത്തിയാക്കണം.

പ്രകൃതിക്ഷോഭത്തില്‍ വീട് തകര്‍ന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് ലഭ്യമാകുകയും എന്നാല്‍ വില്ലേജ് ഓഫീസര്‍ മുമ്പാകെ അപേക്ഷ ലഭ്യമാകാതിരിക്കുകയും ചെയ്യുന്ന കേസുകളില്‍ ഗുണഭോക്താക്കളില്‍ നിന്നും ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍മാര്‍ അപേക്ഷ വാങ്ങേണ്ടതും തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതുമാണെന്നും ഉത്തരവില്‍ പറഞ്ഞു. അപേക്ഷ പരിഗണിക്കുന്ന വില്ലേജ് ഓഫീസര്‍മാരും തഹസില്‍ദാര്‍മാരും 2005ലെ ദുരന്തനിവാരണ നിയമം സെക്ഷന്‍ 61 കര്‍ശനമായും പാലിക്കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.

summary: The collector directed to pay compensation to those whose houses were damaged in the natural calamity