പ്രത്യേക സ്‌പോണ്‍സര്‍ഷിപ്പ് ഇല്ലാതെ തന്നെ ജോലി ചെയ്യാം, ഉപരിപഠനം നടത്താം; ദുബായ് സര്‍ക്കാറിന്റെ ഗോള്‍ഡന്‍ വിസയ്ക്ക് അര്‍ഹയായി ചേമഞ്ചേരി സ്വദേശിനി ഹിബ ഫാത്തിമ


ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ തുവ്വക്കോട് പാലോറത്ത് ഹിബ ഫാത്തിമയെ ദുബായ് സര്‍ക്കാര്‍ ഗോള്‍ഡന്‍ വിസ നല്‍കി ആദരിച്ചു. ഹയര്‍ സെക്കന്ററി തലത്തില്‍ കൈവരിച്ച മികച്ച പഠന നിലവാരത്തിന്റെ അടിസ്ഥാനത്തിലാണ് ഹിബ ഫാത്തിമ ഈ ബഹുമതിക്ക് അര്‍ഹയായത്.

ഈ വിസയിലൂടെ ദുബായില്‍ ഉന്നതവിദ്യാഭ്യാസം നേടാനും, ജോലി ചെയ്യാനും പ്രത്യേക സ്‌പോണ്‍സര്‍ഷിപ്പ് ഇല്ലാതെ തന്നെ കഴിയും. 10 വര്‍ഷത്തെ കാലാവധിയുള്ള ഈ വിസ കാലാവധിക്കുശേഷം പുതുക്കാനും മാതാ പിതാക്കളെ ആശ്രിത വിസയില്‍ ദുബായില്‍ താമസിപ്പിക്കുവാനും ഉള്ള സൗകര്യവും ലഭ്യമാകും.

കഴിഞ്ഞ 26 വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന പാലോറത്ത് അഫ്‌സലിന്റേയും, സമീറയുടെയും മുത്തമകളാണ് ഹിബ ഫാത്തിമ. ഹിഷാം & ഹാസിഖ് എന്നീ രണ്ട് സഹോദരങ്ങളും ഉണ്ട്.