ക്ഷീണവും ഛര്‍ദിയും വിശപ്പില്ലായ്മയും അനുഭവപ്പെടുന്നുണ്ടോ?; മഞ്ഞപ്പിത്ത ലക്ഷണങ്ങളെക്കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളും അറിയാം വിശദമായി


മലപ്പുറം ജില്ലയില്‍ മഞ്ഞപ്പിത്തം ബാധിച്ച് കഴിഞ്ഞ അഞ്ച് മാസത്തിനിടെ 8പേരാണ് മരണപ്പെട്ടത്. രോഗം പടരുന്നതോടെ ആശങ്കയിലാണ് ജനങ്ങള്‍. പലപ്പോഴും ലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിയാത്തതാണ് മഞ്ഞപ്പിത്തത്തെ ഗുരുതരമാക്കുന്നത്. അതുകൊണ്ടുതന്നെ കൃത്യമായി ശ്രദ്ധിച്ചാല്‍ ഒരുപരിധിവരെ മഞ്ഞപ്പിത്തത്തെ അകറ്റി നിര്‍ത്താന്‍ സാധിക്കും

കരളിനെ ബാധിക്കുന്ന പ്രധാനപ്പെട്ട ഒരു പകര്‍ച്ചവ്യാധിയാണ് മഞ്ഞപ്പിത്തം അഥവാ ഹെപ്പറ്റൈറ്റിസ്. ഗുരുതരമായാല്‍ ഇത് മരണത്തിന് വരെ കാരണമാകാവുന്നതാണ്. ഹെപ്പറ്റൈറ്റിസ് A, B, C, D, E എന്നിങ്ങനെയുള്ള വ്യത്യസ്ത വൈറസ് അണുബാധയാണ്. രോഗ ഹേതുവെങ്കിലും വെള്ളം, ഭക്ഷണം എന്നിവ വഴി പകരുന്ന (fecal-oral transmission, ഹെപ്പറ്റൈറ്റിസ് അ വിഭാഗത്തില്‍പെട്ട) വൈറസ് അണുബാധയാണ് മുഖ്യമായും നമ്മുടെ നാട്ടില്‍ കാണുന്ന മഞ്ഞപ്പിത്തത്തിന്റെ കാരണം. കരുതലില്ലെങ്കില്‍ ഇത് വര്‍ദ്ധിച്ച തോതിലുള്ള രോഗ പകര്‍ച്ചക്ക് ഇടയാക്കുകയും ചെയ്യും.

ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍ ത്വക്കും, കണ്ണും മഞ്ഞ നിറത്തിലാവുക, വിശപ്പില്ലായ്മ, ഛര്‍ദി, ഓക്കാനം, പനി, ക്ഷീണം, വയറ് വേദന, മൂത്രത്തിലെ നിറം മാറ്റം തുടങ്ങിയവയാണ്. സ്വയം ചികിത്സ രോഗിയുടെ ജീവന് തന്നെ ഭീഷണി ആകാവുന്നതിനാല്‍ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഉടന്‍ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചികിത്സ തേടേണ്ടതാണ്.

മഞ്ഞപ്പിത്തം വന്നാല്‍ എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം. പഴങ്ങളും, പച്ചക്കറികളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും, തിളപ്പിച്ചാറിയ വെള്ളം ധാരാളമായി കുടിക്കുകയും ചെയ്യണം.

അമിതമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണം കുറയ്ക്കുക, തണുത്തതും തുറന്ന് വെച്ചതുമായ ആഹാര പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക, ഭക്ഷണം പാകം ചെയ്യുന്നതിന് മുന്‍പ് കൈകള്‍ വൃത്തിയായി കഴുകുക എന്നീ ശീലങ്ങള്‍ പാലിക്കണം.

രോഗ പ്രതിരോധ മാര്‍ഗങ്ങള്‍

1. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
2. ആഹാരത്തിന് മുന്‍പും ശേഷവും മലമൂത്ര വിസര്‍ജ്ജനത്തിന് ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക.
3. മലമൂത്ര വിസര്‍ജ്ജനം കക്കൂസില്‍ മാത്രം നടത്തുക.
4. ശീതള പാനീയങ്ങള്‍, സംഭാരം, ഐസ്‌ക്രീം എന്നിവ ശുദ്ധ ജലത്തില്‍ മാത്രം തയ്യാറാക്കുക.
5. കുടിവെള്ള സ്രോതസ്സുകളിലും, കിണറുകളിലും ക്‌ളോറിനേഷന്‍ നടത്തുക.
6. നഖം വെട്ടി വൃത്തിയായി സൂക്ഷിക്കുക.
7. കുടിവെള്ളവും ആഹാര സാധനങ്ങളും ഈച്ച കടക്കാത്ത വിധം എപ്പോഴും അടച്ചു സൂക്ഷിക്കുക.
8. പച്ചക്കറികളും പഴവര്‍ഗങ്ങളും നല്ലവണ്ണം കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക.
9. കിണര്‍ വെള്ളം മലിനപ്പെടാനുള്ള സാധ്യത ഒഴിവാക്കുക.
10. വീടും പരിസരവും മാലിന്യങ്ങള്‍ കുമിഞ്ഞു കൂടാതെ വൃത്തിയായി സൂക്ഷിച്ച് ഈച്ച പെരുകുന്നത് തടയുക.