സംസ്ഥാനത്ത് കനത്ത മഴ തുടരും; കോഴിക്കോട് അടക്കം 9 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി കോഴിക്കോട് അടക്കം ഒന്‍പത് ജില്ലകളില്‍ നിന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
വടക്കന്‍ കേരള തീരം മുതല്‍ മഹാരാഷ്ട്ര തീരം വരെ ന്യൂനമര്‍ദ്ദ പാത്തിയും മധ്യ ഗുജറാത്തിനു മുകളില്‍ സ്ഥിതിചെയ്യുന്ന ചക്രവാതചുഴിയുമാണ് നിലവിലെ മഴക്ക് കാരണം. മഴ തുടരുന്ന സാഹചര്യത്തില്‍ മലയോര മേഖലകളില്‍ പ്രത്യേക ജാഗ്രത തുടരണമെന്നും നിര്‍ദ്ദേശമുണ്ട്.