കോ​ഴി​ക്കോടെ മ​ല​യോ​ര മേഖലകളിൽ നാശം വിതച്ച് കനത്ത മഴ; കൂരാച്ചുണ്ടിൽ കൃഷി നാശം; ഫെഡറേഷന്‍ കപ്പ് മത്സരങ്ങള്‍ നിര്‍ത്തിവച്ചു


കൂരാച്ചുണ്ട്: ജില്ലയിലെ മലയോര മേഖലകളിൽ മഴ ശക്തമാകുമ്പോൾ വൻ കൃഷി നാശം. കൂ​രാ​ച്ചു​ണ്ട് മേ​ഖ​ല​യി​ല്‍ മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി​യെ​ന്നാ​ണ് വി​വ​രം. കൂരാച്ചുണ്ട് പൂവത്തിൻചോല, മണ്ഡപപ്പാറ ഭാഗങ്ങളിൽ കൃ​ഷി​നാ​ശ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്. ശക്തമായ കാറ്റും മഴയുമാണീ പ്രദേശങ്ങളിലെല്ലാം. വ​രും ദി​വ​സ​ങ്ങ​ളി​ലും വേ​ന​ല്‍ മ​ഴ ക​ന​ക്കു​മെ​ന്നാ​ണ് വി​വ​രം. കനത്ത കാറ്റിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ മലയോരമേഖലകളിലുള്ളവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നഗരപ്രദേശങ്ങളിൽ കാര്യമായ മഴ ഇല്ല.

ഉച്ചയ്ക്ക് മൂന്നു മണിയോട് കൂടി തുടങ്ങിയ മഴ ഇനിയും തോർന്നിട്ടില്ല. ഏപ്രില്‍ 09 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലായതിനാൽ ജാഗ്രത വേണം.

കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴ അടുത്ത നാലുദിവസം കൂടി തുടരാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. തെക്കന്‍ ആന്‍ഡമാന്‍ കടലിലിന് മുകളില്‍ ഇന്ന് ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ട്. തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക് മീറ്റും കനത്ത മഴയെ തുടര്‍ന്ന് തടസപ്പെട്ടു. മീറ്റിന്റെ അവസാന ദിവസമായ ഇന്ന് മത്സരങ്ങള്‍ നിര്‍ത്തിവച്ചു. വെള്ളിയാഴ്ചയാണ് 25ആമത് ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക് മീറ്റ് ആരംഭിച്ചത്. കാലിക്കറ്റ് സര്‍വ്വകലാശാല സ്‌റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്.