പുളിയഞ്ചേരിയിലും ചെങ്ങോട്ടുകാവിലും വെള്ളം കയറി; എടച്ചേരിയില്‍ വീടുകള്‍ തകര്‍ന്നു: കനത്ത മഴയില്‍ കോഴിക്കോട് ജില്ലയില്‍ വ്യാപക നാശം


Advertisement

കൊയിലാണ്ടി:
ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് വ്യാപക നാശം. കൊയിലാണ്ടിയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറി. നിരവധി റോഡുകള്‍ വെള്ളത്തിനടിയിലാണ്. കടലോരത്ത് ശക്തിയായി പെയ്ത മഴ ദുരിതമാക്കിയിട്ടുണ്ട്. വെറ്റിലപ്പാറ അങ്കണവാടിയും പരിസരവും വെള്ളത്തില്‍ മുങ്ങി. പുളിയഞ്ചേരി, അണേല, കുറുവങ്ങാട്, ചെങ്ങോട്ടുകാവ് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്.
Advertisement

എടച്ചേരി പഞ്ചായത്തിലെ ഇരിങ്ങണ്ണൂര്‍, കച്ചേരി എന്നിവിടങ്ങളില്‍ കനത്ത മഴയെ തുടര്‍ന്ന് ഓരോ വീടുകള്‍ തകര്‍ന്നു. ഏഴാം വാര്‍ഡിലെ കച്ചേരി യുപി സ്‌കൂളിന് സമീപത്തെ കുമുള്ളി ജാനുവിന്റെ വീട് ഞായറാഴ്ച രാവിലെ ഏഴോടെയാണ് തകര്‍ന്നത്. വീട്ടുകാര്‍ ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതിനാല്‍ ആളപായം ഒഴിവായി. ഓടിട്ട ഒറ്റനില വീടാണ് തകര്‍ന്നത്.

Advertisement

ഇരിങ്ങണ്ണൂര്‍ അഞ്ചാം വാര്‍ഡിലെ മാഞ്ഞോത്ത് മീത്തല്‍ ബീനയുടെ വീട് കാറ്റിലും മഴയിലും തകര്‍ന്നു. ബീനയും മക്കളും കടവത്തൂരിലെ വീട്ടിലായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മേല്‍ക്കൂരയുടെ ഓടും മരങ്ങളും തകര്‍ന്നുവീഴുകയായിരുന്നു. വീട്ടുധനങ്ങളടക്കം എല്ലാം നശിച്ചു.

Advertisement

വളയത്ത് തണല്‍ മരം കടപുഴകി ഇലട്രിക്ക് ലൈനില്‍ വീണതിനെ തുടര്‍ന്ന് നാല് പേര്‍ക്ക് വൈദ്യുതാഘാതമേറ്റു. വളയം പാറക്കടവ് റോഡില്‍ ഇന്നലെ എട്ടേമുക്കാലോടെയാണ് സംഭവം. തണല്‍ മരം കടപുഴകി പ്രധാന ഇലക്ട്രിക് ലൈനിന് മുകളില്‍ പതിക്കുകയായിരുന്നു. വളയം ഗവ ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ വളപ്പിലെ മരമാണ് വീണത്. ഇതേ തുടര്‍ന്ന് 11 കെവി ലൈന്‍ വലിച്ച രണ്ട് ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു. അപകടത്തില്‍ ടൗണ്‍ പരിസരത്ത് കടയില്‍ ഉണ്ടായിരുന്ന നാല് പേര്‍ക്ക് വൈദ്യുതാഘാതമേറ്റു. ഉടന്‍ വൈദ്യുതി വിഛേദിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. രണ്ട് കടകള്‍ക്ക് സാരമായ കേട് പാടുകള്‍ സംഭവിച്ചു. വളയം പൊലീസും ചേലക്കാട് നിന്നെത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്തി.

Advertisement

കഴിഞ്ഞ മൂന്ന് ദിവസമായി ജില്ലയില്‍ കനത്ത മഴയാണ്. ഒരാഴ്ചകൊണ്ട് 119 ശതമാനം പെയ്തു. 39.8 മില്ലി മീറ്റര്‍ പെയ്യേണ്ടിടത്ത് 87.4 മില്ലി മീറ്റര്‍ മഴ ലഭിച്ചു. ഞായറാഴ്ച 26.2 മില്ലി മീറ്ററാണ് മഴ ലഭിച്ചത്. കൊയിലാണ്ടി 25.2, വടകര 18.2 കോഴിക്കോട് 35.2 മില്ലി മീറ്റര്‍ മഴപെയ്തു. മലയോരമേഖലയിലടക്കം കനത്ത മഴ തുടരുകയാണ്. കാവിലുംപാറ, മരുതോങ്കര, കായക്കൊടി, നരിപ്പറ്റ, കുറ്റ്യാടി, വേളം, കുന്നുമ്മല്‍, നാദാപുരം, എടച്ചേരി എന്നിവിടങ്ങളിലും രണ്ട് ദിവസമായി മഴ ശക്തിപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. തൊട്ടില്‍പ്പാലം പുഴ, കുറ്റ്യാടിപ്പുഴ, കടന്തറപ്പുഴ, വാണിമേല്‍ പുഴ, രാമന്‍ പുഴ, പൂനൂര്‍ പുഴ എന്നിവിടങ്ങളില്‍ ജലനിരപ്പുയര്‍ന്നു. വനങ്ങളില്‍ മഴ തുടരുകയാണ്.