കൊയിലാണ്ടിയെയും ബാധിച്ച് ന്യൂനമര്‍ദ്ദപാത്തി; കനത്തമഴയില്‍ വെള്ളക്കെട്ടിലും ബ്ലോക്കിലും കുടുങ്ങി വാഹനങ്ങള്‍
കൊയിലാണ്ടി: കൊയിലാണ്ടിയെയും ബാധിച്ച് ന്യൂനമര്‍ദ്ദപാത്തി. കൊയിലാണ്ടിയില്‍ ഇന്ന് ഉച്ചയോടെ കനത്ത മഴയാണ് പെയ്ത് കൊണ്ടിരിക്കുന്നത്. മഴ തുടര്‍ന്നതോടെ ദേശീയപാതയില്‍ വലിയ ബ്ലോക്കാണ് നേരിടുന്നത്. പയ്യോളിലൊന്നാകെ കോടതിയ്ക്ക് സമീപം വരെ വലിയ ബ്ലോക്കാണ് ഉള്ളത്. ചെറുവാഹനങ്ങള്‍ മുതല്‍ ബസ്സും ലോറിയടക്കമുള്ള വാഹനങ്ങള്‍ വരെ ബ്ലോക്കില്‍പ്പെട്ടിരിക്കുകയാണ്.
പയ്യോളിയിലെ പെരുമാള്‍പുരത്തും സമീപത്തും അടക്കം നിരവധി റോഡുകളാണ് വെള്ളക്കെട്ടിലായത്. സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നു. കൊയിലാണ്ടിയില്‍ ഇന്ന് ഉച്ചയോടെ കനത്ത മഴയാണ് പെയ്ത് കൊണ്ടിരിക്കുന്നത്. കൊയിലാണ്ടിയിലെ പല ഭാഗങ്ങളിലും മഴ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.
ഉച്ചയ്ക്ക് 12 മണിയോടെയാണ് കൊയിലാണ്ടിയില്‍ മഴ ശക്തമാകുന്നത്. രാവിലെ തന്നെ മേഘാവൃതമായ അന്തരീക്ഷമായിരുന്നു.
കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്നു ശക്തമായ മഴയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.
നാളെ കോഴിക്കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 14ന് കണ്ണൂര്‍ ജില്ലയിലും 15ന് കാസര്‍കോട് ജില്ലയിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കന്‍ കേരള തീരം മുതല്‍ വടക്കന്‍ മഹാരാഷ്ട്ര തീരം വരെ ന്യൂനമര്‍ദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി വരും ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയാണ് പ്രവചിക്കുന്നത്.
അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.