ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട്; ഇടിവെട്ടി മഴ ശക്തമാകുമ്പോൾ വേണം ജാഗ്രത
കൊയിലാണ്ടി: കൊടുംചൂടിൽ കാത്തിരിപ്പിനൊടുവിലെത്തിയ വേനൽമഴ ശക്തി പ്രാപിച്ചതോടെ ആദ്യം ആശ്വാസമായിരുന്നെങ്കിലും മലയോരമേഖലകളിൽ തോരാ ദുരിത മഴയായി ഇത് മാറി. ജില്ലയിൽ നിരവധിയിടങ്ങളിൽ വലിയ തോതിൽ കൃഷി നാശം ഉണ്ടായി. പല വീടുകൾ മഴയിൽ തകർന്നു. മഴയോടൊപ്പം കനത്ത കാറ്റും ഇടിമിന്നലും കൂടി ആയതോടെ ആശങ്കയുടെ കാർമേഘം കനക്കുകയാണ്. ഏപ്രിൽ പത്ത് വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതയാണ് കേന്ദ്ര കാലവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ജില്ലയിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. ജാഗ്രതയുടെ ഭാഗമായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
24 മണിക്കൂറിൽ 115.5 mm മുതൽ 204.4 mm വരെയുള്ള മഴയാണ് യെല്ലോ അലേർട്ട് കൊണ്ടുദ്ദേശിക്കുന്നത്. ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തീരത്ത് ശക്തമായ കാറ്റിന് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിൽ കടലിൽ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പുണ്ട്. നിലവിൽ കടലിലുള്ളവർ കേരളത്തീരത്ത് നിന്ന് അകന്നുനിൽക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.2018, 2019, 2020 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകട സാധ്യത മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്.
മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഇടിമിന്നൽ അപകടത്തിൽ രണ്ടു പേർ മരിക്കുകയും 15ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അതിനെ തുടർന്ന് ജാഗ്രത വർദ്ദിപ്പിക്കണമെന്ന നിർദ്ദേശം നൽകിയിരിക്കുകയാണ് ദുരന്ത നിവാരണ കമ്മിറ്റി.
ഉച്ചനേരങ്ങളിലാണ് ഇടിമിന്നലിന് സാദ്ധ്യതയുള്ളത്. അതിനാൽ ഇടിമിന്നലുള്ള സമയങ്ങളിൽ വീടിന് പുറത്ത് ഇറങ്ങരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിപ്പ്.
ഇടിമിന്നലുള്ളപ്പോൾ:
ഇടിമിന്നൽ ലക്ഷണം കണ്ടാൽ തുറസായസ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണം.
ജനലും വാതിലും അടച്ചിടണം.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കണം.
ഇടിമിന്നൽ സമയത്ത് ടെറസിലോ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്ബിലോ ഇരിക്കുന്നത് അപകടകരമാണ്. പട്ടം പറത്തുന്നത് ഒഴിവാക്കണം.
തുണികൾ എടുക്കാൻ ടെറസിലോ, മുറ്റത്തോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
കുട്ടികളെ ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെ തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കാൻ അനുവദിക്കരുത്.
മിന്നലാഘാതമേറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഉണ്ടാകില്ല. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കണം.